കരാറുകാര്‍ റിങ്ങായി സര്‍ക്കാറിന് നഷ്ടം വരുത്തുന്ന സംഭവം വ്യാപകം

മാനന്തവാടി: കരാറുകാര്‍ റിങ്ങായി സര്‍ക്കാറിന് ലക്ഷങ്ങള്‍ നഷ്ടംവരുത്തുന്ന സംഭവം വ്യാപകമാകുന്നു. ജില്ലയിലെ ത്രിതല പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വികസന പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികളില്‍ റിങ് ഗ്രൂപ്പുകള്‍ ആയാണ് ഇവരുടെ പ്രവര്‍ത്തനം സജീവമായത്. മാനന്തവാടി മുനിസിപ്പാലിറ്റിയിലും വെള്ളമുണ്ട പഞ്ചായത്തിലും കഴിഞ്ഞ ദിവസം ഇത്തരം ഗ്രൂപ്പുകളുടെ തര്‍ക്കം പരസ്യമായതോടെയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടന്നുവരുന്ന ടെന്‍ഡര്‍ റിങ് സമ്പ്രദായം പുറത്താവുന്നത്. മാനന്തവാടിയില്‍ തുകയെച്ചൊല്ലി കരാറുകാര്‍ പരസ്പരം തമ്മിലടിക്കുകയും ചെയ്ത സംഭവവും ഉണ്ടായി. അതത് കാലത്തെ ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് ഇത്തരം ഗ്രൂപ്പുകള്‍ ടെന്‍ഡര്‍ വേളകളില്‍ പരസ്യമായി രംഗത്തു വരുന്നത്. പ്രവൃത്തികള്‍ ഏറ്റെടുക്കാതെ റിങ്ങുകളില്‍ മാത്രം പങ്കെടുത്ത് ലാഭവിഹിതം പങ്കുവെച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുന്നവര്‍ നിരവധി പേരുണ്ടെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. മത്സര രീതിയിലുള്ള ടെന്‍ഡര്‍ നടപടികള്‍ക്കായി ത്രിതല പഞ്ചായത്തുകള്‍ പരസ്യം ചെയ്താല്‍ ലേലം നടക്കുന്നതിന് മുമ്പായി കരാറുകാര്‍ ഒത്തുകൂടി രഹസ്യധാരണ ഉണ്ടാക്കിയ ശേഷം എസ്റ്റിമേറ്റില്‍ കാര്യമായ കുറവ് വരുത്താതെ പ്രവൃത്തികള്‍ നേടിയെടുക്കുന്നതാണ് ഇതിന്‍െറ രീതി. മാനന്തവാടിയില്‍ ഇരുപത് ശതമാനം വരെ കുറവ് നിരക്കില്‍ പോയ സ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ടെന്‍ഡറില്‍ 1.5, 0.15 എന്ന നിരക്കിലാണ് ടെന്‍ഡര്‍ കരാറുകാര്‍ സ്വന്തമാക്കിയത്. പരസ്യലേലം നടന്നാല്‍ എസ്റ്റിമേറ്റ് തുകയുടെ പത്തും ഇരുപതും ശതമാനം കുറവില്‍ പ്രവൃത്തി ഏറ്റെടുത്ത് ലാഭകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന പ്രവൃത്തികള്‍ ഇത്തരത്തില്‍ രഹസ്യ ധാരണപ്രകാരം ഒന്നോ രണ്ടോ ശതമാനം കുറവിലാണ് കരാറുകാര്‍ ഏറ്റെടുക്കുക. ലാഭകരമായ പ്രവൃത്തികള്‍ ഇത്തരത്തില്‍ ഏറ്റെടുത്ത ശേഷം ടെന്‍ഡറില്‍ പങ്കെടുത്ത കരാറുകാര്‍ തമ്മില്‍ സര്‍ക്കാറിന് നഷ്ടപ്പെടുത്തിയ തുക അപ്പോള്‍ തന്നെ വീതിച്ചെടുക്കുകയും ചെയ്യും. ഓരോ ഗ്രാമപഞ്ചായത്തിലും മാത്രം ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപ ടെന്‍ഡറുകളില്‍ തിരിമറി നടക്കുന്നുണ്ട്. അഞ്ച് ലക്ഷം രൂപക്ക് മുകളില്‍ മാത്രമാണ് ഇ ടെന്‍ഡര്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ വലിയ പദ്ധതികള്‍ രണ്ടു പ്രവൃത്തികളാക്കി അഞ്ച് ലക്ഷത്തിലൊതുക്കിക്കൊടുത്തുകൊണ്ടാണ് ഭരണസമിതിയും ഉദ്യോഗസ്ഥരും ഇ ടെന്‍ഡര്‍ ഒഴിവാക്കി ഇവര്‍ക്ക് സഹായം ചെയ്യുന്നത്. മുഴുവന്‍ പ്രവൃത്തികളും ഇ ടെന്‍ഡര്‍ നടത്തിയാല്‍ സര്‍ക്കാറിന് നഷ്ടമാവുന്ന ലക്ഷക്കണക്കിന് രൂപ മറ്റു വികസന പ്രവൃത്തികള്‍ക്ക് വിനിയോഗിക്കാന്‍ കഴിയുമെന്നാണ് നിര്‍ദേശമുയരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.