തരിയോട്: കാലവര്‍ഷത്തിന് പിറകെ വേനല്‍മഴയും ചതിച്ചതോടെ നാട് കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞമാസം ചൂടിന് ആശ്വാസമായി മഴ ലഭിച്ചെങ്കിലും ഗ്രാമ-നഗര പ്രദേശങ്ങളില്‍ വേനല്‍മഴയുടെ അളവ് രണ്ട് ശതമാനത്തോളമാണ് ലഭിച്ചത്. ജില്ലയിലെ പ്രധാന ജലസംഭരണിയായ ബാണാസുരസാഗറിലെ ജലനിരപ്പ് താഴ്ന്നനിലയിലാണ്. ഡാമിന് താഴെയുള്ള വൃഷ്ടിപ്രദേശങ്ങളില്‍ വരള്‍ച്ച രൂക്ഷമായി. തീരങ്ങള്‍ കൂടുതലായും വരണ്ടിരിക്കുകയാണ്. കുറ്റ്യാടി ജലവൈദ്യുതി പദ്ധതിയുടെ കരുതല്‍ സംഭരണശേഷിയായ ബാണാസുരയില്‍ വെള്ളം കുറയുന്നത് കുറ്റ്യാടി പദ്ധതിയില്‍നിന്നുള്ള വൈദ്യുതോല്‍പാദനത്തെ ബാധിക്കാനും സാധ്യതയുണ്ട്. കക്കയം ഡാമില്‍ ജലനിരപ്പ് താഴുമ്പോള്‍ ബാണാസുരയില്‍നിന്നുള്ള വെള്ളമാണ് വൈദ്യുതോല്‍പാദനത്തിന് ഉപയോഗിക്കുന്നത്. ജില്ലയില്‍ മുളങ്കൂട്ടങ്ങള്‍ പൂത്ത് നശിച്ചതാണ് കാലാവസ്ഥ വ്യതിയാനത്തിനുള്ള പ്രധാനകാരണമായി പറയപ്പെടുന്നത്. മലയോര മേഖലകളിലടക്കം മഴയുടെ അളവ് ഗണ്യമായി കുറയുന്ന അപൂര്‍വമായ വര്‍ഷമാണിത്. സാധാരണഗതിയില്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ ജലലഭ്യത കുറയുന്ന സ്ഥലങ്ങളില്‍ ഫെബ്രുവരി പകുതിയായപ്പോഴേക്കും ജലവിതാനം ക്രമാതീതമായി താഴ്ന്നിരിക്കുകയാണ്. തോടുകള്‍ മിക്കതും വറ്റിയ നിലയിലാണ്. ഏതാനും ദിവസങ്ങളായി വെയിലിന് ശക്തി കൂടിയതോടെ കിണറുകളിലും മറ്റും ജലനിരപ്പ് നന്നേ കുറഞ്ഞിട്ടുണ്ട്. ഇങ്ങനെ പോയാല്‍ ആഴ്ചകള്‍ക്കുള്ളില്‍തന്നെ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടേണ്ടിവരും. കഴിഞ്ഞ മേയ് മാസത്തിലാണ് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തിയതെങ്കില്‍ ഇക്കുറി ഫെബ്രുവരിയില്‍തന്നെ പലയിടങ്ങളിലും ജലവിതരണം നടത്തേണ്ടി വരും. കുന്നിന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജനവാസകേന്ദ്രങ്ങള്‍ ഇക്കുറി കുടിവെള്ളത്തിന് കടുത്ത ദുരിതം അനുഭവിക്കേണ്ടി വരും. വാഴ കര്‍ഷകരടക്കമുള്ള കൃഷിക്കാര്‍ വെള്ളം ലഭിക്കാത്തതിനാല്‍ കടുത്ത ആശങ്കയിലാണ്. ചില ഗ്രാമപഞ്ചായത്തുകളെങ്കിലും മുന്‍കരുതല്‍ നടപടികളും വ്യാപകമായ രീതിയില്‍ തടയണകളും മറ്റും നിര്‍മിക്കുന്നുവെങ്കിലും കേവലം ആശ്വാസം മാത്രമേ ഇതുമൂലം ലഭിക്കൂവെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രാദേശിക ഭരണകൂടങ്ങളില്‍ മിക്കയിടത്തും കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.