കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനം; സുരക്ഷ ക്രമീകരണങ്ങള്‍ ഇല്ല

പുല്‍പള്ളി: കാട്ടുതീ ഭീഷണിയില്‍നിന്ന് വനങ്ങളെ രക്ഷിക്കാന്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷ ക്രമീകരണങ്ങള്‍ ഇല്ല. സമീപകാലത്ത് കുരങ്ങുപനിയടക്കം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കുരങ്ങുപനി ബാധിച്ച് പത്തിലേറെ ആളുകള്‍ മരണപ്പെടുകയും ചെയ്തു. കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ആരോഗ്യ വകുപ്പ് നടത്തുന്നുണ്ട്. എന്നാല്‍, വനം വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഒരു സുരക്ഷയും ഒരുക്കിയിട്ടില്ല. ഇപ്പോഴും ഫയര്‍ലൈന്‍ ജോലികളടക്കം ചെയ്യുന്നവര്‍ക്ക് ഒരു സുരക്ഷയും നല്‍കിയിട്ടില്ല. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ പോലും സുരക്ഷ ഒരുക്കുന്നതിന് അധികൃതര്‍ തയാറായിട്ടില്ല. ആദിവാസി തൊഴിലാളികളാണ് ഫയര്‍ലൈന്‍ ജോലി ചെയ്യുന്നത്. ഇവര്‍ പലരും നഗ്നപാദരായാണ് വനത്തിലെ കരിയില അടിച്ചുകൂട്ടുന്നതും മറ്റും. ഇവര്‍ക്ക് ഇഴജന്തുക്കള്‍ അടക്കമുള്ളവയുടെ ഉപദ്രവത്തില്‍നിന്ന് രക്ഷനേടുന്നതിന് ഒരു സുരക്ഷയും നല്‍കിയിട്ടില്ല. കുരങ്ങുപനിയാല്‍ ജില്ലയില്‍ മരണപ്പെട്ടവരില്‍ ഏറെയും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. പൂതാടി പഞ്ചായത്തിലെ ചീയമ്പം 73 കോളനിയിലാണ് കൂടുതല്‍ മരണങ്ങളും രോഗബാധിതരും ഉണ്ടായത്. ഈ പ്രദേശങ്ങളിലെല്ലാം ഇപ്പോഴും കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ഇവര്‍ക്കൊന്നും വനംവകുപ്പ് ഒരു സുരക്ഷയും ഒരുക്കിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.