പൊതുമരാമത്ത് വകുപ്പിന് മന്ത്രിയുടെ കര്‍ശന നിര്‍ദേശം: ജില്ലയിലെ റോഡുകള്‍ 28നകം നന്നാക്കണം

കല്‍പറ്റ: പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം അസാധ്യമായ ജില്ലയിലെ പൊതുമരാമത്ത് റോഡുകള്‍ക്ക് ശാപമോക്ഷമാകുന്നു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപണികള്‍ ഫെബ്രുവരി 28നുള്ളില്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍ദേശം നല്‍കി. കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന വകുപ്പുതല അവലോകന യോഗത്തിലാണ് മന്ത്രി പൊതുമരാമത്ത് അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ തകര്‍ന്നുകിടക്കുന്ന വിവരങ്ങള്‍ എം.എല്‍.എമാരായ ഒ.ആര്‍. കേളു, ഐ.സി. ബാലകൃഷ്ണന്‍, സി.കെ. ശശീന്ദ്രന്‍ എന്നിവര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി മാസങ്ങള്‍ക്ക് മുമ്പേ ഫണ്ട് അനുവദിച്ചിട്ടും പദ്ധതി നടപ്പാക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. സാങ്കേതിക തടസ്സം പറഞ്ഞ് പ്രവൃത്തികള്‍ വൈകിപ്പിക്കുന്ന രീതി ശരിയല്ളെന്നും മന്ത്രി പറഞ്ഞു. റോഡിന്‍െറ കുഴിയടക്കല്‍ കാട്ടിക്കൂട്ടലാകരുത്. അടുത്ത മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കണം ഈ പ്രവൃത്തികള്‍ ചെയ്യേണ്ടത്. ഇതിനെല്ലാം ഇന്ന് ആധുനിക സംവിധാനങ്ങളും യന്ത്രങ്ങളുമുണ്ട്. ഇവയുള്ള കരാറുകാരെ മാത്രം പ്രവൃത്തി ഏല്‍പിച്ചാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ 102 റോഡുകള്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതായും അതില്‍ 47 റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയതായും അധികൃതര്‍ മന്ത്രിയെ അറിയിച്ചു. പടിഞ്ഞാറത്തറ -കല്‍പറ്റ റോഡ്, അമ്പലവയല്‍-വടുവഞ്ചാല്‍ റോഡ്, മുട്ടില്‍-മേപ്പാടി റോഡ് തുടങ്ങിയവയെല്ലാം എത്രയും വേഗം നവീകരിക്കണം. പല റോഡുകള്‍ക്കും ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടുന്നത് ജില്ലയുടെ പ്രധാന പ്രശ്നമായി മാറിയതായി ജനപ്രതിനിധികള്‍ മന്ത്രിയെ ബോധിപ്പിച്ചു. സമയബന്ധിതമായി ഗുണനിലവാരം ഉറപ്പുവരുത്തി റോഡിന്‍െറയും പാലങ്ങളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണവും അറ്റകുറ്റപണികളുമെല്ലാം നടത്തണമെന്ന് മന്ത്രി ജി. സുധാകരന്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ടാര്‍ ചെയ്ത റോഡുകള്‍ വെട്ടിപ്പൊളിക്കാന്‍ ആരെയും അനുവദിക്കില്ല. ആവശ്യമുള്ളവര്‍ക്ക് അനുവാദം വാങ്ങി റോഡിനടിയിലൂടെ ഡ്രില്‍ ചെയ്ത് പൈപ്പിടാം. റോഡിന് കോട്ടം വന്നാല്‍ അതിനുള്ള തുകയും നല്‍കാം. റോഡ് നശിപ്പിക്കുന്ന തരത്തിലുള്ള വെട്ടിപ്പൊളിക്കല്‍ ഇനി നടക്കില്ളെന്നും മന്ത്രി ഓര്‍മിപ്പിച്ചു. എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, ഒ.ആര്‍. കേളു, ഐ.സി. ബാലകൃഷ്ണന്‍, ജില്ല കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി, പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാര്‍, ദേശീയപാത അധികൃതര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.