ഗുണഭോക്താക്കളുടെ പട്ടിക നല്‍കിയില്ല: കര്‍ഷക ആനുകൂല്യങ്ങള്‍ വൈകുന്നു

മാനന്തവാടി: കര്‍ഷകര്‍ക്ക് പഞ്ചായത്തുകള്‍ മുഖേന ലഭിക്കുന്ന കാര്‍ഷിക ആനുകൂല്യങ്ങളുടെ വിതരണം വൈകുന്നു. അര്‍ഹതപ്പെട്ടവരുടെ പട്ടിക യഥാസമയം ലഭിക്കാത്തതിനാലാണ് കൃഷിഭവനുകളില്‍നിന്നുള്ള ആനുകൂല്യ വിതരണം തടസപ്പെട്ടത്. ഗുണഭോക്തൃ ലിസ്റ്റ് കൈമാറാത്തതിനാല്‍ ഫണ്ട് വിനിയോഗത്തിന് കാലതാമസം നേരിടുകയാണ്. ഗ്രാമപഞ്ചായത്തുകള്‍ കാര്‍ഷിക മേഖലയില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെലവഴിക്കുന്ന തുക ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് വൈകുന്നത്. ഏറ്റവും ഒടുവിലായി നെല്‍കര്‍ഷകര്‍ക്ക് ജില്ല പഞ്ചായത്തും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് ഒരു ഹെക്ടറിന് 6,000 രൂപ സബ്സിഡി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും ജില്ലയില്‍ മുഴുവന്‍ പഞ്ചായത്തുകളിലും ഈ തുക വിതരണം ചെയ്തിട്ടില്ല. ഗ്രാമപഞ്ചായത്തുകള്‍ വാര്‍ഡുതലത്തിലുള്ള ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് പട്ടിക തയാറാക്കി നല്‍കാത്തതാണ് തുക വിതരണത്തിന് കാലതാമസത്തിനിടയാക്കുന്നത്. മഴ ലഭ്യതക്കുറവിനെ തുടര്‍ന്ന് നെല്ലുല്‍പാദനത്തിലുണ്ടായ കുറവും രോഗങ്ങളും കാരണം നെല്‍കര്‍ഷകര്‍ നഷ്ടം നേരിട്ടിട്ടും തുച്ഛമായ ആനുകൂല്യം പോലും യഥാസമയം നല്‍കാന്‍ ഭരണസമിതികള്‍ തയാറാവുന്നില്ല. ഇതിന് പുറമെ ഗ്രാമപഞ്ചായത്തുകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയ കാര്‍ഷിക മേഖലക്കുള്ള കോടിക്കണക്കിന് രൂപയുടെ ഫണ്ട് വിനിയോഗവും വൈകുകയാണ്. പാടശേഖര സമിതികളും കുടുംബശ്രീകളും കൂടുതലുള്ള വാര്‍ഡുകളില്‍ അവര്‍ താല്‍പര്യമെടുത്ത് ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് ഗുണഭോക്തൃ പട്ടികള്‍ തയാറാക്കി നല്‍കുമെങ്കിലും ഇത് പിന്നീട് പഞ്ചായത്തുതലത്തില്‍ ക്രോഡീകരിച്ച് കൃഷിഭവനുകള്‍ക്ക് നല്‍കുന്നതിന് കാലതാമസം നേരിടുന്നു. പച്ചക്കറി കൃഷി, മത്സ്യകൃഷി തുടങ്ങി വ്യക്തിഗത ആനുകുല്യങ്ങള്‍ക്ക് അര്‍ഹരായവരെ കണ്ടത്തെി പട്ടിക നല്‍കാന്‍ വൈകുന്നതു വഴി പഞ്ചായത്ത് പദ്ധതിവിഹിതം ചെലവഴിക്കേണ്ട മാര്‍ച്ച് 31നകം ഫണ്ട് വിനിയോഗിക്കുന്നതിന് കൃഷിഭവനുകള്‍ പ്രയാസപ്പെടുകയും യഥാര്‍ഥ അവകാശികള്‍ക്ക് ആനുകൂല്യങ്ങള്‍ യഥാസമയം ലഭിക്കാതെ പോവുകയും ചെയ്യുന്നു. മൂന്നുമാസം മുമ്പെങ്കിലും പട്ടിക നല്‍കിയാല്‍ മാത്രമേ കൃത്യമായി കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കാന്‍ കഴിയുകയുള്ളൂവെന്ന് മുന്‍കാലങ്ങളില്‍ അനുഭവങ്ങള്‍ മുന്നില്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍, അവ ഗൗരവത്തിലെടുക്കാന്‍ അധികൃതര്‍ തയാറാകാത്തത് കര്‍ഷകര്‍ക്ക് ദുരിതമാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.