മീനങ്ങാടി പഞ്ചായത്ത് ഭരണസമിതി രാജിവെക്കണം –കോണ്‍ഗ്രസ്

കല്‍പറ്റ: മീനങ്ങാടി ഗ്രാമപഞ്ചായത്ത് ശിശുമന്ദിരത്തിന്‍െറ സ്ഥലം കൈയേറാന്‍ പി.ഡബ്ള്യു.ഡി കരാറുകാരനായ സ്വകാര്യ വ്യക്തിക്ക് ഒത്താശ ചെയ്തുകൊടുത്ത പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്ന് മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശിശുമന്ദിരത്തിന്‍െറ സ്ഥലവും സര്‍ക്കാര്‍ പദ്ധതി പണം ഉപയോഗിച്ച് നിര്‍മിച്ച സംരക്ഷണ ഭിത്തിയും സ്വകാര്യ വ്യക്തി കൈയേറി വഴിയും ചുറ്റുമതിലും നിര്‍മിക്കുന്നതിന് ഒത്താശ നല്‍കുക വഴി അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ ഭരണസമിതിയുടേത് സത്യപ്രതിജ്ഞ ലംഘനമാണ്. ശിശുമന്ദിരം കെട്ടിടത്തിന് അപകടഭീഷണി ഉയര്‍ത്തിയ മണ്‍തിട്ട ഇടിഞ്ഞുവീഴാതിരിക്കുന്നതിന് സുല്‍ത്താന്‍ ബത്തേരി ബ്ളോക്ക് പഞ്ചായത്ത് 2004-05 കാലയളവില്‍ നിര്‍മിച്ച സംരക്ഷണഭിത്തിയും സ്ഥലവുമാണ് കൈയേറിയത്. പഞ്ചായത്ത് ഓഫിസിന്‍െറ മൂക്കിന് താഴെ നടത്തുന്ന കൈയേറ്റത്തിനും അനധികൃത നിര്‍മാണത്തിനുമെതിരെ നടപടി സ്വീകരിക്കാത്തതിനു കാരണം ഭരണസമിതിയുടെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ്. ഭരണക്കാരും കരാറുകാരനുമായുള്ള പരസ്പര ധാരണയിലാണ് ഈ കൈയേറ്റം. സ്ഥലം അളന്നു തിട്ടപ്പെടുത്തി അനധികൃത കൈയേറ്റം ഒഴിപ്പിച്ചില്ളെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കും. മണ്ഡലം പ്രസിഡന്‍റ് ബേബി വര്‍ഗീസ്, വി.എം. വിശ്വനാഥന്‍, ടി.കെ. തോമസ്, പി. റസാഖ്, പി.ജി. സുനില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.