കൽപറ്റ: സർവിസുകൾ നേടിയെടുക്കുന്ന സമയത്തെ നിബന്ധനകളിൽനിന്ന് വ്യതിചലിച്ച് സ്വകാര്യ ബസുകൾ ദേശസാത്കൃത റൂട്ടുകളിൽ കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിലാക്കി സർവിസ് നടത്തുന്നതായി ജില്ല കെ.എസ്.ആർ.ടി.സി സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സുൽത്താൻ ബത്തേരി- കൽപറ്റ റൂട്ടിൽ മുട്ടിലിൽനിന്ന് തിരിഞ്ഞ് എടപ്പെട്ടി ജങ്ഷനിലെത്തുകയും, മാനന്തവാടി- കൽപറ്റ റൂട്ടിൽ നാലാം മൈലിൽനിന്ന് തിരിഞ്ഞ് പീച്ചങ്കോട് വഴി കാട്ടിച്ചിറ പള്ളി വഴിയെത്തി പച്ചിലക്കാടെത്തി വരദൂർ വഴി കണിയാമ്പറ്റയിലും തുടർന്ന് പുളിയാർമലയിൽനിന്ന് തിരിഞ്ഞ് മണിയങ്കോട് വഴി കൽപറ്റ പഴയ ബസ്സ്റ്റാൻഡിലെത്തുകയുമാണ് വേണ്ടത്. സുൽത്താൻ ബത്തേരി-മാനന്തവാടി റൂട്ടിൽ കാട്ടിച്ചിറക്കൽ പള്ളിയുടെ അടുത്തുനിന്ന് തിരിഞ്ഞ് പീച്ചങ്കോട് വഴി നാലാംമൈലിലും എത്തണം. കൽപറ്റ -കോഴിക്കോട് റൂട്ടിലും ഇതുപ്രകാരം ആറു സ്ഥലങ്ങളിലൂടെ തിരിഞ്ഞു സഞ്ചരിക്കണം. എന്നാൽ, ഇവയൊന്നും പാലിക്കാതെ ചില സ്വകാര്യ ബസുകൾ ദേശസാത്കൃത റൂട്ടുകളിൽകൂടി മാത്രമാണ് സർവിസ് നടത്തുന്നത്. ജില്ലയിലെ പ്രധാനപ്പെട്ട മൂന്ന് റൂട്ടുകളിലും കെ.എസ്.ആർ.ടി.സി ആവശ്യത്തിന് സർവിസുകൾ നടത്തുക, കൽപറ്റയിൽനിന്ന് കോഴിക്കോട്ടേക്ക് അഞ്ച് മിനിറ്റ് ഇടവിട്ട് സർവിസ് നടത്തുക എന്നീ ആവശ്യങ്ങളും സമിതി ഭാരവാഹികൾ ഉന്നയിച്ചു. ദേശസാത്കൃത റൂട്ടുകളിലൂടെ സർവിസ് നടത്തിയ ചില സ്വകാര്യ ബസുകൾ ആർ.ടി.ഒ, പൊലീസ്, കെ.എസ്.ആർ.ടി.സി അധികൃതർ എന്നിവർ പിടികൂടി പിഴചുമത്തുകയും, താക്കീത് നൽകുകയും ചെയ്തിരുന്നു. തുടർന്നും നിയമലംഘനം നടത്തിയ 18 ബസുകളുടെ പെർമിറ്റുകൾ ഏഴു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. എന്നാൽ, ജില്ലയിൽ ഇപ്പോഴും ചില സ്വകാര്യ ബസുകൾ നിയമം ലംഘിച്ച് കെ.എസ്.ആർ.ടി.സി ബസുകളുടെ മുന്നിൽ സമയക്രമം പാലിക്കാതെയും മാർഗതടസ്സം സൃഷ്ടിച്ചും സർവിസ് നടത്തുകയാണ്. ഇതിനെതിെര പൊലീസും ആർ.ടി.ഒയും നടപടിയെടുക്കണം. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് സലിം കുരുടൻകണ്ടി, സെക്രട്ടറി കെ.ജി. ബാബു, ട്രഷറർ കെ.കെ. പീതാംബരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.