മാനന്തവാടി: നാടും നഗരവും ചുട്ടുപൊള്ളുമ്പോൾ ഒരു ദേശത്തെ കോളനിയിലുള്ളവർ കുടിവെള്ളത്തിനായി കേഴുന്നു. തരിയോട് ശാന്തിനഗര്‍ ആദിവാസി കോളനിയിലെ അമ്പതോളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി കാത്തിരിക്കുന്നത്. മഞ്ഞൂറയില്‍നിന്ന് നേരേത്ത ജലവിഭവ വകുപ്പ് വിതരണം ചെയ്ത കുടിവെള്ളം വരള്‍ച്ച കനത്തതുമൂലം നിലച്ചതാണ് കോളനിക്കാരെ വലച്ചത്. കുടിവെള്ളം നിറക്കാനായി വലിയ ടാങ്ക് കോളനിയില്‍ സ്ഥാപിച്ചെങ്കിലും ഒരു മാസമായി നോക്കുകുത്തിയായിരിക്കുകയാണ്. മഴക്കാലത്തുപോലും പൈപ്പ് വെള്ളം മാത്രം ആശ്രയിച്ച് കഴിയുന്ന കോളനിയില്‍ രണ്ടു മാസമായി പൈപ്പിലൂടെയുള്ള വെള്ളം വിരുന്നുകാരനായി മാറിയിരിക്കുകയാണ്. മഞ്ഞൂറയില്‍നിന്ന് പമ്പ് ചെയ്യാന്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്നാണിത്. രണ്ടും മൂന്നും ദിവസം വെള്ളം പമ്പ് ചെയ്തിരുന്ന സ്ഥാനത്ത് രണ്ടാഴ്ചയോളമായി ഒരിക്കല്‍പോലും പൈപ്പുകളില്‍ വെള്ളമെത്തിയിട്ടില്ല. തുടര്‍ന്ന് ഗ്രാമ പഞ്ചായത്തിെൻറ ശ്രമഫലമായി കോളനിക്കു മുന്നില്‍ ടാങ്കറുകളില്‍ വെള്ളമെത്തിച്ച് വിതരണം ചെയ്യാന്‍ റവന്യൂ വകുപ്പ് ടാങ്കും പൈപ്പും സ്ഥാപിച്ചു. എന്നാല്‍, ഒരു മാസം പിന്നിട്ടിട്ടും ഇതുവരെയും ഒരു തുള്ളി വെള്ളംപോലും ഇവിടെയെത്തിച്ചിട്ടില്ല. വെള്ളമെത്തിക്കാനുള്ള ടെൻഡര്‍ നടപടി വൈകുന്നതാണ് കാരണമായി പറയുന്നത്. നിലവില്‍ കോളനിയിലെ കുട്ടികള്‍ സ്‌കൂളുകളില്‍ പോകാറില്ല. കിലോമീറ്ററുകള്‍ കുന്നിറങ്ങി വയലില്‍നിന്ന് ശേഖരിക്കുന്ന വെള്ളമാണ് ഇവര്‍ ഭക്ഷണം പാകംചെയ്യാനുള്‍പ്പെടെ ഉപയോഗിക്കുന്നത്. കോളനിയിലേക്ക് വെള്ളം ലഭ്യമാക്കാനായി മാത്രം കിണറും പമ്പ്‌സെറ്റും വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ചിരുന്നെങ്കിലും പിന്നീട് അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.