രാ​ത്രി​യാ​ത്ര നി​രോ​ധ​ന​ത്തി​നെ​തി​രെ നി​യ​മ​പോ​രാ​ട്ടം ശ​ക്​​ത​മാ​കു​ന്നു

സുല്‍ത്താന്‍ ബത്തേരി: ‘രാത്രിയാത്ര നിരോധനം: വസ്തുതകള്‍, പരിഹാരം’ വിഷയത്തില്‍ നീലഗിരി -വയനാട് എൻ.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി പൗരപ്രമുഖരുടെയും രാഷ്ട്രീയ നേതാക്കളുടെയും കണ്‍വെന്‍ഷന്‍ നടത്തി. ഐ.സി. ബാലകൃഷ്ണന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ അധ്യക്ഷത വഹിച്ചു. രാത്രിയാത്ര നിരോധനം സംബന്ധിച്ച കേസ് സുപ്രീംകോടതിയില്‍ അന്തിമഘട്ടത്തിലെത്തുകയും രാത്രിയാത്ര നിരോധിച്ച കര്‍ണാടക ഹൈകോടതി ഉത്തരവില്‍ മാറ്റം വരുത്താന്‍ സുപ്രീംകോടതി വിസമ്മതിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. സംസ്ഥാന മുഖ്യമന്ത്രി നാലു തവണ കര്‍ണാടകയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും നിരോധനം പിന്‍വലിക്കാന്‍ തയാറായില്ല. കര്‍ണാടകയും തമിഴ്‌നാടും കേന്ദ്രവും രാത്രിയാത്ര നിരോധനത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സുപ്രീംകോടതിയില്‍ കേരളത്തിനുവേണ്ടി ഹാജരായ ഗോപാല്‍ സുബ്രഹ്മണ്യം നവീനമായ എന്തെങ്കിലും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാമെന്ന് കോടതിയെ അറിയിക്കുകയും പുതിയ മാര്‍ഗങ്ങള്‍ കേരളത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആക്ഷന്‍ കമ്മിറ്റി ജൈവപാലങ്ങളും ആനത്താരകളില്‍ ചെറിയ മേല്‍പാലങ്ങളും നിര്‍മിക്കുക എന്ന നിര്‍ദേശം വെക്കുന്നത്. രാഷ്ട്രീയ പരിഹാരത്തിനുള്ള സാധ്യതകള്‍ അവസാനിക്കുകയും പരിസ്ഥിതി പ്രവര്‍ത്തകരും മറ്റു സംസ്ഥാനങ്ങളും സുപ്രീംകോടതിയും കര്‍ശന നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ ഫലപ്രദമായി നടപ്പാക്കിയിട്ടുള്ള ഈ രീതി മാത്രമാണ് പ്രായോഗിക പരിഹാരമെന്നും അതിനാല്‍ ഈ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കണ്‍വീനര്‍ അഡ്വ. ടി.എം. റഷീദ് വിഷയം അവതരിപ്പിച്ചു. ജനതാദള്‍-എസ് ദേശീയ എക്‌സിക്യൂട്ടിവ് അംഗം പി.എം. ജോയ്, വി. മോഹനൻ, എം.എ. അസൈനാര്‍, അഡ്വ. പി. വേണുഗോപാൽ, ബേബി വര്‍ഗീസ്, പി.വൈ. മത്തായി, വിനയകുമാര്‍ അഴീപ്പുറത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.