മ​ല​യാ​ളം അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​ൻ വൈ​മ​ന​സ്യം: നി​യ​മ​നം ല​ഭി​ക്കാ​തെ ഉ​േ​ദ്യാ​ഗാ​ർ​ഥി​ക​ൾ

കൽപറ്റ: 10ാം ക്ലാസുവരെ മലയാളം നിർബന്ധ ഭാഷയാക്കി സർക്കാർ ഉത്തരവിറക്കിയിട്ടും മലയാളം അധ്യാപകരെ നിയമിക്കാൻ വിദ്യാഭ്യാസ വകുപ്പ് വൈമനസ്യം കാണിക്കുന്നതായി ഉദ്യോഗാർഥികളുടെ ആക്ഷേപം. സ്കൂൾ പാഠ്യപദ്ധതിയിൽ മലയാളം നിർബന്ധമാക്കിയുള്ള ഓർഡിനൻസിന് കഴിഞ്ഞ ദിവസമാണ് ഗവർണറുടെ അംഗീകാരം ലഭിച്ചത്. ജില്ലയിൽ ഇതുവരെ പത്തിലധികം എച്ച്.എസ്.എ മലയാളം ഒഴിവുകളുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിൽനിന്ന് ലഭിക്കുന്ന വിവരം. അതേസമയം, ഒരെണ്ണം മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് പി.എസ്.സി അധികൃതർ പറയുന്നു. ഈ വർഷം മാർച്ചിലെ ഒഴിവുകളും എച്ച്.എസ്.എസ്.ടി പ്രമോഷനുംകൂടിയാകുമ്പോൾ ഉണ്ടാകാനിടയുള്ളത് നിരവധി ഒഴിവുകളാണ്. എന്നാൽ, ഇതൊന്നും യഥാസമയം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം. എച്ച്.എസ്.എ ഒഴിവുകളുടെ കാര്യത്തിലും വകുപ്പിന് വ്യക്തമായ ധാരണയില്ലെന്ന് ഉദ്യോഗാർഥികൾ കുറ്റപ്പെടുത്തുന്നു. ജില്ലയിലെ ഭൂരിപക്ഷം സ്കൂളുകളിലും ഗസ്റ്റ് അധ്യാപകരാണ് ക്ലാസെടുക്കുന്നത്. പുതിയ നിയമനകാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ശുഷ്കാന്തി കാണിക്കുന്നില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. 2012-ൽ എച്ച്.എസ്.എ മലയാളം വിജ്ഞാപനം പി.എസ്.സി പുറപ്പെടുവിച്ചിരുന്നു. രണ്ടു വർഷത്തിനുശേഷം പരീക്ഷ നടത്തുകയും 2017-ൽ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഏറെക്കാലം കാത്തിരുന്ന് എഴുതിയ പരീക്ഷയായതിനാൽ ഇതിൽനിന്നുള്ള നിയമനം വേഗത്തിലാക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ ഭൂരിപക്ഷവും ഇനിയൊരു പരീക്ഷ എഴുതാൻ കഴിയാത്തവിധം പ്രായം കഴിഞ്ഞവരാണ്. അതിനാൽ നിയമനം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് നിരവധി പേരുടെ അവസരം നഷ്ടപ്പെടുത്തും. മെയിൻ ലിസ്റ്റിൽ 97 പേരാണുള്ളത്. സപ്ലിമെൻററി ലിസ്റ്റിൽ 80 പേരുമുണ്ട്. കഴിഞ്ഞ എച്ച്.എസ്.എ ലിസ്റ്റിൽനിന്ന് 70ഓളം പേർക്ക് നിയമനം ലഭിച്ചിരുന്നു. ഇത്തവണയും അത്രയും പേർക്ക് നിയമനം ലഭിക്കുമെന്നാണ് പ്രതീക്ഷ. പി.എസ്.സിക്ക് ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ വകുപ്പു മേധാവികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ചട്ടം. അധ്യാപകരുടെ കുറവ് ജില്ലയിലെ വിദ്യാഭ്യാസമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.