ക​ല്ലി​ല്ല; നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ള്‍ നി​ല​ച്ചു

സുല്‍ത്താന്‍ ബത്തേരി: ജില്ലയിലെ ഭൂരിഭാഗം ക്വാറികളും പൂട്ടിയതോടെ നിര്‍മാണമേഖല പൂര്‍ണമായും സ്തംഭിച്ചു. പുളിഞ്ഞാല്‍, അച്ചൂര്‍, പടിഞ്ഞാറത്ത എന്നിവിടങ്ങളില്‍ മാത്രമാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. ഈ മൂന്നിടങ്ങളിലും കൊളഗപ്പാറയിലുമായി നാല് ക്രഷറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം 150 അടി കല്ലിന് 3000 രൂപയായിരുന്നത് ഈ വര്‍ഷം 5000 മുതല്‍ 7000 രൂപയായി വര്‍ധിച്ചു. ഈ തുക നല്‍കാന്‍ തയാറായാല്‍പോലും കല്ല് കിട്ടാനില്ല. പുളിഞ്ഞാലിലെ ക്വാറിയില്‍നിന്നു ഒരു ടിപ്പറിന് ഒരുദിവസം ഒറ്റ ലോഡ് കല്ല് മാത്രമേ ലഭിക്കൂ. ഇതും തലേദിവസം ടിപ്പര്‍ ക്വാറിയില്‍ കൊണ്ടിടണം. ഒരാഴ്ചയില്‍ ഒരു ലോഡ് കല്ല് മാത്രമേ സാധാരണ രീതിയില്‍ ലഭിക്കൂ. ഇതോടെ, വീട് നിര്‍മിക്കാന്‍ തറയിട്ട പലരും എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയാണ്. മുക്കം, ഈങ്ങാപ്പുഴ എന്നിവിടങ്ങളില്‍നിന്നും കര്‍ണാടത്തില്‍നിന്നും കല്ല് എത്തുന്നുണ്ട്. എന്നാല്‍, വന്‍ വിലയാണ് ഈടാക്കുന്നത്. ഇതിനിടെ, ജില്ലയിലെ ടിപ്പര്‍ ഉടമകള്‍ ഇതര ജില്ലയില്‍നിന്ന് കല്ലുമാെയത്തുന്ന ലോറികള്‍ തടഞ്ഞ് സമരം ആരംഭിച്ചു. പിന്നീട് പിന്‍വലിക്കുകയായിരുന്നു. ക്വാറികള്‍ പൂട്ടിയതോടെ ഈ മേഖലയില്‍ നേരിട്ടും അല്ലാതെയും ജോലിചെയ്തിരുന്ന അമ്പതിനായിരത്തോളം പേര്‍ക്ക് പണിയില്ലാതായി. ഇതര സംസ്ഥാന തൊഴിലാളികളില്‍ നിരവധി പേര്‍ സ്വന്തം നാട്ടിലേക്കോ മറ്റു ജില്ലകളിലേക്കോ പോയി. ആയിരത്തി മുന്നൂറോളം ടിപ്പറുകളാണ് ജില്ലയിലുള്ളത്. ആഴ്ചയില്‍ ഒരുദിവസം മാത്രമാണ് ഓട്ടം കിട്ടാറുള്ളതെന്ന് ടിപ്പര്‍ ഡ്രൈവറായ അരമ്പറ്റക്കുന്ന് സ്വദേശി നൗഷാദ് പറഞ്ഞു. കോടതി ഒരു വിഭാഗത്തിെൻറ മാത്രം വാദംകേട്ട് തീരുമാനം എടുത്തതിനാലാണ് ക്വാറികള്‍ പൂട്ടേണ്ടിവന്നതെന്ന് ഒാള്‍ കേരള ക്വാറി അസോസിയേഷന്‍ സംസ്ഥാന ജോയൻറ് സെക്രട്ടി കെ. യൂസഫ് പറഞ്ഞു. നിരോധനം നീക്കുന്നതിന് കോടതിയെ സമീപിക്കും. ഇതര ജില്ലകളില്‍നിന്നുള്ള വന്‍കിട ലോബികളുടെ ഇടപെടല്‍മൂലമാണ് ക്വാറികള്‍ പൂട്ടേണ്ടിവന്നത്. പരിസ്ഥിതിവാദികളെ മുന്‍നിര്‍ത്തി ജില്ലയിലെ ക്വാറികൾ പൂട്ടിച്ചശേഷം വയനാട് മാര്‍ക്കറ്റാക്കി മാറ്റുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കല്ലും കല്ലുൽപന്നങ്ങളും ലഭിക്കാതായതോടെ സാധാരണക്കാരായ പലരുടെയും വീടെന്ന സ്വപ്‌നം ചോദ്യചിഹ്നമായിരിക്കുകയാണ്. റോഡ് നിര്‍മാണമടക്കമുള്ള പൊതു പ്രവൃത്തികളും മുടങ്ങി. പരിസ്ഥിതിലോല പ്രദേശമായ വയനാട്ടില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നുറപ്പാണ്. അതിനാല്‍, ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ അധികൃതര്‍ ശ്രമിച്ചില്ലെങ്കില്‍ ജില്ലയിലെ നിര്‍മാണ മേഖലതന്നെ ഇല്ലാതാകുമെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.