മാനന്തവാടി: ജില്ലയിലെ വന്യമൃഗശല്യം തുടര്‍ക്കഥയാകുമ്പോഴും ശാശ്വത പരിഹാരമായി കര്‍ണാടക മാതൃകയിലുളള റെയില്‍ പാള ഫെന്‍സിങ് സ്ഥാപിക്കുന്നതില്‍ വനം വകുപ്പ് അധികൃതര്‍ക്ക് വൈമനസ്യം. കര്‍ണാടക, തമിഴ്നാട്, അസം സര്‍ക്കാറുകള്‍ ലേലത്തിലും വില നല്‍കിയും പഴയ റെയില്‍പാളങ്ങള്‍ വാങ്ങി വനാതിര്‍ത്തിയില്‍ വേലി കെട്ടിയാണ് കര്‍ഷകരെ സംരക്ഷിക്കുന്നത്. ഇത്തരം റെയില്‍പാളങ്ങള്‍ എവിടെയും എത്തിക്കുന്നതിനും ചുരുങ്ങിയ ചെലവില്‍ സ്ഥാപിക്കുന്നതിനും കഴിയും. ഈ ഫെന്‍സിങ്ങുകള്‍ക്ക് താഴെ കമ്പിനെറ്റ് കൊണ്ട് മറച്ച് മാന്‍, പന്നി, കടുവ എന്നിവ ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നതും തടയാനാകും. വന്യമൃഗശല്യം പ്രതിരോധത്തിനായി പലയിടങ്ങളിലും കല്‍മതില്‍ നിര്‍മിച്ചിരുന്നുവെങ്കിലും ഇതെല്ലാം ഒരു വര്‍ഷം കൊണ്ട് തകരുകയായിരുന്നു. റെയില്‍പാള ഫെന്‍സിങ്ങുകളാകട്ടെ തകരുകയോ എത്രവര്‍ഷം കഴിഞ്ഞാലും അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്യേണ്ടതില്ല. കര്‍ണാടകയില്‍ പലയിടങ്ങളിലും വന്യമൃഗശല്യത്തിന് പരിഹാരമായി വനമേഖലയില്‍ ഉന്തിമാറ്റാവുന്ന റെയില്‍പാള ഗേറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. വന്യമൃഗ പ്രതിരോധത്തിനായി കഴിഞ്ഞ ബജറ്റില്‍ 100 കോടി രൂപയാണ് മാറ്റിവെച്ചത്. ഈ സാഹചര്യത്തില്‍ ജില്ലയിലെ വന്യമൃഗശല്യത്തിന് പരിഹാരമായി ഏറ്റവും ഗുണകരമായതും ചെലവ് കുറഞ്ഞതുമായ റെയില്‍പാള ഫെന്‍സിങ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വയനാട് വന്യമൃഗശല്യ പ്രതിരോധ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍, കേരളത്തിന് ആവശ്യമായ പഴയ റെയില്‍പാളം സംഭാവനയായി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ട് കത്ത് നല്‍കിയതല്ലാതെ തുടര്‍പ്രവര്‍ത്തനങ്ങളൊന്നും ചെയ്തില്ല. വര്‍ഷാവര്‍ഷം വൈദ്യുതി കമ്പിവേലി സ്ഥാപിക്കുമ്പോള്‍ കിട്ടുന്ന കമീഷന്‍ ഇല്ലാതാകുന്നതിനാലാണിതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.