വനം കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി

മാനന്തവാടി: സംസ്ഥാനത്തെ വനഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. 2015 സെപ്റ്റംബര്‍ നാലിനുണ്ടായ ഹൈകോടതി വിധിയുടെ ചുവടുപിടിച്ചാണ് നടപടി. 1977ന് ശേഷം കൈയേറിയ ഭൂമിയാണ് തിരിച്ചുപിടിക്കുന്നത്. 1957ലെ വനസംരക്ഷണ നിയമം, 1961ലെ വനനിയമം എന്നിവ ആധാരമാക്കിയാണ് നടപടി. നടപടികള്‍ വേഗത്തിലാക്കാനായി വനം അഡീഷനല്‍ പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്ററെ നോഡല്‍ ഓഫിസറായി നിയമിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 7900 ഹെക്ടര്‍ കൈയേറ്റ ഭൂമി ഉണ്ടെന്നാണ് പ്രാഥമിക കണ്ടത്തെല്‍. വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ ഭൂമിയുള്ളത്. വയനാട്ടില്‍ 1142 ഹെക്ടറും ഇടുക്കിയില്‍ 1450 ഹെക്ടര്‍ ഭൂമിയുമാണുള്ളത്. ഇ.എഫ്.എല്‍, നിക്ഷിപ്ത വനഭൂമിയുമാണ് കൈയേറിയിട്ടുള്ളത്. ആദ്യപടിയായി ഏഴു മുതല്‍ 15 ദിവസം വരെ ഒഴിയാന്‍ സമയം കൊടുത്ത് നോട്ടീസ് നല്‍കും. അതിന് ശേഷം നിയമനടപടി സ്വീകരിക്കും. ഇതിനായുള്ള നോട്ടീസുകള്‍ തയാറായി കഴിഞ്ഞു. സെപ്റ്റംബര്‍ 29ന് എറണാകുളത്ത് ചേരുന്ന ഉന്നത വനപാലകരുടെ യോഗത്തില്‍ നോട്ടീസ് എപ്പോള്‍ വിതരണം ചെയ്യണമെന്ന് തീരുമാനിക്കും. വയനാട്ടില്‍ നോര്‍ത് വയനാട് വനം ഡിവിഷനില്‍ 340 ഹെക്ടറും സൗത് വയനാട് വനം ഡിവിഷനില്‍ 802 ഹെക്ടറും കൈയേറ്റ വനഭൂമിയാണുള്ളത്. മൂന്ന് കാറ്റഗറികളാക്കി തിരിച്ചാണ് നോര്‍ത് വയനാട് വനം ഡിവിഷനില്‍ നോട്ടീസ് നല്‍കുകയെന്ന് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി പറഞ്ഞു. ജനറല്‍, കുറിച്യര്‍, കുറുമര്‍ എന്നിവര്‍ രണ്ടാം കാറ്റഗറിയിലും മറ്റ് ആദിവാസി വിഭാഗങ്ങളെ മൂന്നാം കാറ്റഗറിയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വനം വകുപ്പ് നീക്കം ചെറുകിട കൈവശ കര്‍ഷകരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. വനം വകുപ്പ് നടപടിക്കെതിരെ വരുംനാളുകളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നേക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.