പടിഞ്ഞാറത്തറ–പൂഴിത്തോട് ബദല്‍ റോഡ് ഫയലില്‍തന്നെ

വെള്ളമുണ്ട: ഒന്നര പതിറ്റാണ്ടു മുമ്പ് നിര്‍മാണ പ്രവൃത്തി ആരംഭിച്ച പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. 1994ല്‍ പ്രവൃത്തി ആരംഭിച്ച ഈ ബദല്‍ റോഡ് ഇന്നും തുടങ്ങിയിടത്തുതന്നെ നില്‍ക്കുകയാണ്. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ബദല്‍ റോഡ് വയനാടിന്‍െറ വികസനത്തിന് ഏറെ മുതല്‍കൂട്ടാവുന്നത് കൂടിയാണ്. കോഴിക്കോട് ജില്ലയിലെ പൂഴിത്തോട് നിന്നാരംഭിച്ച് വയനാട് ജില്ലയിലെ പടിഞ്ഞാറത്തറയില്‍ അവസാനിക്കുന്ന വിധത്തിലാണ് ഈ പാത വിഭാവന ചെയ്തിരിക്കുന്നത്. 27.225 കി.മീറ്ററില്‍ 8.885 കി.മീറ്റര്‍ കോഴിക്കോട് ജില്ലയിലൂടെയും 18.340 കി.മീറ്റര്‍ വയനാട് ജില്ലയിലുടെയുമാണ് കടന്നുപോവുക. ഇതില്‍ 12.940 കി.മീറ്റര്‍ ദൂരം നിക്ഷിപ്ത വനഭൂമിയാണ്. വനം വകുപ്പിന്‍െറ തടസ്സം നീക്കാന്‍ മാറിമാറി വന്ന ഭരണസമിതികള്‍ പല നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ഒടുവില്‍ റോഡിന് വേണ്ടി ഏറ്റെടുക്കുന്ന ഏകദേശം 52 ഏക്കര്‍ വനഭൂമിക്ക് പകരം ഭൂമി കൊടുത്താല്‍ മാത്രമേ റോഡ് പണി ആരംഭിക്കാനാവൂ എന്ന വനം വകുപ്പിന്‍െറ നിര്‍ദേശവും അംഗീകരിച്ച് പകരം ഭൂമി കണ്ടത്തെിയിരുന്നു. കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തില്‍ 5.560 ഹെക്ടറും വയനാട് ജില്ലയിലെ തരിയോട്, പടിഞ്ഞാറത്തറ വില്ളേജുകളില്‍ സൗജന്യമായും വിലക്കെടുത്തും ഉള്‍പ്പെടെ 20.77 ഹെക്ടറും വനംവകുപ്പിന് കൈമാറിയിരുന്നു. ബാക്കി വരുന്ന ഭൂമി തൊണ്ടര്‍നാട് വില്ളേജിലെ റവന്യൂ ഭൂമിയില്‍നിന്ന് നല്‍കാനും ധാരണയായിരുന്നു. 1985 മുതല്‍ തുടങ്ങിയ റോഡിന് വേണ്ടിയുള്ള നീക്കം 1989-90 കാലത്ത് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ മുന്‍കൈയില്‍ ഏറെ മുന്നോട്ടുപോയിരുന്നു. 90-91ല്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തി ആരംഭിക്കുകയും ’92ല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് 1994 സെപ്റ്റംബര്‍ മാസത്തില്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ പൊതുമരാമത്ത് മന്ത്രി പി.കെ.കെ. ബാവയുടെ അധ്യക്ഷതയില്‍ പടിഞ്ഞാറത്തറയില്‍ റോഡിന്‍െറ ശിലാസ്ഥാപനം നടത്തുകയുമുണ്ടായി. 94-95 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം പ്രവൃത്തികള്‍ക്കായി ഒരുകോടി രൂപ ബജറ്റില്‍ വകയിരുത്തിയതായും കാണുന്നു. എന്നാല്‍, വര്‍ഷമോരോന്ന് കഴിയുന്നതല്ലാതെ ത്വരിതഗതിയിലുള്ള ഒരു ഇടപെടലും എവിടെനിന്നും ഉണ്ടാവാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.