വീട്ടമ്മ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവ് റിമാന്‍ഡില്‍

മാനന്തവാടി: വീട്ടമ്മ കിടപ്പുമുറിയില്‍ കഴുത്തുഞ്ഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു. പനമരം അഞ്ചാംമൈല്‍ കാഞ്ഞായി മജീദിന്‍െറ ഭാര്യ സുഹറയെയാണ് (40) വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടത്. സംഭവദിവസംതന്നെ കസ്റ്റഡിയിലായ ഇയാളുടെ അറസ്റ്റ് ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനായ മീനങ്ങാടി സി.ഐ പളനി രേഖപ്പെടുത്തി.മാനന്തവാടി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് മാനന്തവാടി ജില്ലാ ജയിലിലേക്ക് അയച്ചു. ചോദ്യം ചെയ്തതോടെ മജീദ് വ്യാഴാഴ്ചതന്നെ കുറ്റം സമ്മതിച്ചിരുന്നു. പെട്ടെന്നുണ്ടായ വികാരത്തില്‍ കൊലനടത്തിയതെന്നാണ് പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍, വിശ്വാസത്തിലെടുത്തിട്ടില്ല. രാത്രി 11.30ന് കൊല്ലപ്പെട്ടിട്ടും പുലര്‍ച്ചെ 4.30ഓടെ മാത്രമാണ് ഇയാള്‍ വിവരം പുറത്തുപറഞ്ഞത്. അതുകൊണ്ടുതന്നെ ഇയാള്‍ ക്രിമിനല്‍ മനസ്സുള്ളയാളാണെന്നാണ് പൊലീസിന്‍െറ നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ പൊലീസ് ഫോറന്‍സിക് ഡോക്ടറില്‍നിന്ന് മൊഴിയെടുത്തിരുന്നു. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുമെന്ന് കരുതി നിരവധി പേരാണ് ശനിയാഴ്ച വീടിന് സമീപത്ത് കാത്തുനിന്നിരുന്നത്. കൊലക്ക് പിന്നില്‍ രഹസ്യങ്ങള്‍ പുറത്താകുമെന്ന ഭയം മാനന്തവാടി: ഭാര്യയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവിനെ പ്രേരിപ്പിച്ചത് മുന്‍കാല രഹസ്യങ്ങള്‍ പുറത്താകുമെന്ന ഭയമെന്ന് സൂചന. കെല്ലൂര്‍ അഞ്ചാംമൈല്‍ കാഞ്ഞായി സുഹറ (40) കൊല്ലപ്പെട്ട സംഭവത്തിലാണ് ദുരൂഹതകള്‍ ഉയരുന്നത്. കൊല നടത്തിയ ഭര്‍ത്താവ് മജീദ് പൊലീസില്‍ നല്‍കിയ മൊഴിയില്‍ ഭാര്യയുമായുണ്ടായ വാക്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വികാരത്തില്‍ കൊല നടത്തി എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍, മജീദിന്‍െറ പൂര്‍വകാല ജീവിതത്തില്‍ ഒട്ടേറെ ക്രിമിനല്‍ പശ്ചാത്തലമുള്ളതായും ഇത് സംബന്ധിച്ച് പല രഹസ്യങ്ങളും ഭാര്യക്കറിയാമായിരുന്നുവെന്നും സംശയിക്കുന്നു. തന്നെ നിരന്തരം പീഡിപ്പിക്കുന്ന അവസരങ്ങളില്‍ പലപ്പോഴും ഈ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഏതാനും വര്‍ഷം മുമ്പ് പ്രദേശത്തെ സ്ഥലത്ത് മന്ത്രവാദിയുടെ സഹായത്തോടെ നടത്തിയ നിധി കുഴിക്കലുമായി ബന്ധപ്പെട്ടാണ് മജീദിനെതിരെ തെളിവുകളുള്ളതായി ഭാര്യ ഭീഷണിപ്പെടുത്തിയത്. ഈ കേസ് ഉന്നതരുടെ ഇടപെടല്‍ വഴി ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ഭാര്യയെ മാനസികരോഗിയായി ചിത്രീകരിച്ചായിരുന്നു മജീദ് കഴിഞ്ഞിരുന്നത്. എന്നാല്‍, കോഴിക്കോട് മാനസികരോഗ വിദഗ്ധനെ കാണിച്ചപ്പോള്‍ ഭര്‍ത്താവുമൊന്നിച്ചുവന്ന് കൗണ്‍സിലിങ്ങിന് വിധേയമാവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, മജീദ് ഇതിന് തയാറായില്ല. പകരം മന്ത്രവാദ ചികിത്സ നടത്താനായിരുന്നു ഇയാള്‍ക്ക് താല്‍പര്യം. ഇതനുസരിച്ച് തൊട്ടടുത്തുള്ള മന്ത്രവാദിയില്‍നിന്ന് കൊലപാതകം നടത്തിയ ദിവസവും മരുന്നുകള്‍ വാങ്ങി ഭാര്യക്ക് നല്‍കിയിരുന്നു. പുല്‍പള്ളി ഭാഗങ്ങളില്‍ വീടുകള്‍ കയറി വെള്ളിയാഭരണ വ്യാപാരം മജീദ് നടത്തിയിരുന്നു. പുതിയ ആഭരണമെന്ന പേരില്‍ പഴയ ആഭരണങ്ങള്‍ ഇയാള്‍ വില്‍പന നടത്തിയതായി വീട്ടമ്മമാരില്‍നിന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ വകയില്‍ ബത്തേരിയിലെ ഒരു വ്യാപാരിക്ക് ഇയാള്‍ ലക്ഷക്കണക്കിന് രൂപ നല്‍കാനുള്ളതായും സൂചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.