കല്‍പറ്റ: ജില്ലയുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും അക്കാദമിക ശാക്തീകരണത്തിനും ജില്ലാ-ഉപജില്ലാ ഓഫിസുകള്‍ ശാസ്ത്രീയമായി വിഭജിക്കണമെന്ന് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ (കെ.എസ്.ടി.യു) സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 318 എല്‍.പി, യു.പി, സെക്കന്‍ഡറി സ്കൂളുകള്‍ക്ക് ജില്ലയില്‍ ഒരു വിദ്യാഭ്യാസ ജില്ലയും മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളുമാണ് നിലവിലുള്ളത്. വിദ്യാലയങ്ങളുടെ എണ്ണം, കുട്ടികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരുടെ എണ്ണം, ഭൂമിശാസ്ത്രം, യാത്രാസൗകര്യം തുടങ്ങിയവയെല്ലാം പരിഗണിച്ച് ശാസ്ത്രീയ വിഭജനം അനിവാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് സംവാദങ്ങളും കാമ്പയിനുകളും സംഘടിപ്പിക്കും. സംസ്ഥാനത്തെ ഇതര ജില്ലകളിലെ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ കീഴിലുള്ള സ്കൂളുകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് വിഭജനത്തില്‍ വ്യക്തമായ അനീതിയും വിവേചനവുമാണ് ജില്ലയോട് കാണിച്ചത്. ഇത് പരിഹരിക്കണം. വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് 82 സെക്കന്‍ഡറി സ്കൂളുകളുടെ മേല്‍നോട്ട ചുമതലയുണ്ട്. അതേസമയം, പാല-48, ആലപ്പുഴ-44, കോതമംഗലം-50, കുട്ടനാട്-33 സെക്കന്‍ഡറി സ്കൂളുകള്‍ക്ക് ഓരോ ജില്ലാ വിദ്യാഭ്യാസ കാര്യാലയവും ഓഫിസറെയും അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ മൂന്ന് ഉപജില്ലാ ഓഫിസര്‍മാര്‍ക്ക് 236 എല്‍.പി, യു.പി സ്കൂളുകളുടെ മേല്‍നോട്ട ചുമതലയുണ്ട്. സുല്‍ത്താന്‍ ബത്തരി-83, വൈത്തിരി-71, മാനന്തവാടി-82 സ്കൂളുകളുടെ നിയന്ത്രണമുണ്ട്. അതേസമയം, മാങ്കൊമ്പ്-26, തലവടി-31, തുറവൂര്‍-47, ചേര്‍ത്തല-53, ആലപ്പുഴ-40, ഹരിപ്പാട്-48 എല്‍.പി, യു.പി സ്കൂളുകള്‍ക്ക് ഓരോ ഉപജില്ലാ കാര്യാലയവും ഓഫിസറെയും നിയമിച്ചിട്ടുണ്ട്. കെ.എസ്.ടി.യു ജില്ലാ പ്രസിഡന്‍റ് പി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇ.ടി. റിഷാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ പ്രസിഡന്‍റ് കെ.പി. ഷൗക്കുമാന്‍ അധ്യക്ഷത വഹിച്ചു. സി.കെ. നൗഫല്‍, ടി. അഷ്കറലി, സി.കെ. ജാഫര്‍, കെ. ആഷിഖ്, വി.എ. അബ്ദുല്‍ റഷീദ്, പി. നൗഫല്‍, എം.യു. ലത്തീഫ്, കെ. നസീര്‍, പി. നുഐമാന്‍, കെ.കെ. റഫീഖ്, അന്‍വര്‍ ഗൗസ് എന്നിവര്‍ സംസാരിച്ചു. പി.എം. ജൗഹര്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.