ആശുപത്രി മാലിന്യം വനപാതയില്‍ തള്ളി

സുല്‍ത്താന്‍ ബത്തേരി: ആശുപത്രി മാലിന്യം വനപാതയോരത്ത് തള്ളിയ ലോറിയും ഡ്രൈവര്‍മാരെയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ എല്‍പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രികളില്‍നിന്ന് ലോറിയില്‍ ചാക്കുകെട്ടുകളിലാക്കിയാണ് ദേശീയപാത 212ല്‍ ബത്തേരി നായ്ക്കട്ടിക്ക് സമീപം വനപാതയോരത്ത് മാലിന്യം തള്ളിയത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് തെലുങ്കാന സ്വദേശികളായ അട്ലൂരി ശിവ സതീഷ് (25), വിഷ്ണു (22) പഞ്ചാബ് ഗുരുദാസ്പൂര് സ്വദേശികളായ ബല്‍വന്ദ് സിങ് (33), ഗുരുനാം സിങ് (24), ജോണ്‍ (20) എന്നിവരെയും മാലിന്യം കയറ്റിവന്ന രണ്ട് ലോറികളും പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയ ചാക്കുകളിലാക്കി രണ്ട് ലോറികളിലാക്കിയാണ് ആശുപത്രി മാലിന്യം കൊണ്ടുവന്നത്. നായ്ക്കട്ടിക്കുസമീപം ചിത്രാലക്കരയില്‍ മാലിന്യം തള്ളിയതോടെ പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധമാണ് ഉണ്ടായത്. ഇതുവഴി പോയ കാല്‍നടയാത്രക്കാരാണ് മാലിന്യം തള്ളുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടി. ഇതിനിടെ, ഒരു ലോറി മാലിന്യം ഇറക്കി ബത്തേരി ഭാഗത്തേക്ക് പോയി. ഇതറിഞ്ഞ നാട്ടുകാര്‍ ഇരുചക്രവാഹനത്തില്‍ പിന്തുടര്‍ന്ന് പിടികൂടിയാണ് ലോറിയും ഡ്രൈവറെയും ക്ളീനറെയും പൊലീസിലേല്‍പിച്ചത്. സംഭവമറിഞ്ഞ് ജനപ്രതിനിധികള്‍, പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തത്തെി. മാലിന്യം ഇറക്കിക്കൊണ്ടിരുന്ന രണ്ടാമത്തെ ലോറിയിലെ ഡ്രൈവറെയും സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പൊതുജനാരോഗ്യത്തിനും വന്യമൃഗങ്ങള്‍ക്കും ദോഷകരമാകുന്ന ആശുപത്രി മാലിന്യം തള്ളിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. മാലിന്യം എവിടെനിന്നാണോ എത്തിച്ചത് അവിടെ തന്നെ കൊണ്ടുപോയി തള്ളണമെന്ന്് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് തല്‍ക്കാലം മാലിന്യം കൊണ്ടുവന്ന ലോറികളില്‍തന്നെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തിരികെ കയറ്റി. അതേസമയം, ആശുപത്രിമാലിന്യം കയറ്റിവന്ന ലോറികള്‍ ആദ്യം അതിര്‍ത്തിയിലെ നാല് ചെക്പോസ്റ്റുകള്‍ കടന്ന് കര്‍ണാടകയിലേക്ക് പ്രവേശിക്കുമ്പോള്‍ മൂലഹള്ളയില്‍വെച്ച് കര്‍ണാടക ചെക്പോസ്റ്റ് അധികൃതരാണ് മടക്കി അയച്ചത്. രണ്ടുലോറികളും വീണ്ടും അതിര്‍ത്തിയിലെ ചെക്പോസ്റ്റ് മറികടന്നാണ് വനാതിര്‍ത്തിയിലൂടെ കടന്നുപോകുന്ന ദേശീയപാതയോരത്ത് തള്ളിയത്. ഇതിനെതിരെ ചെക്പോസ്റ്റ് അധികൃതര്‍ക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.