പൊഴുതനയില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു

പൊഴുതന: തോട്ടം മേഖലയായ പൊഴുതന പഞ്ചായത്തിലെ ഗ്രാമപ്രദേശങ്ങളിലടക്കം ലഹരി മാഫിയ പിടിമുറുക്കുന്നു. നഗരങ്ങളിലെ പ്രവര്‍ത്തനം സുഗമമല്ലാതായതോടെയാണ് സംഘങ്ങള്‍ ചുവടുമാറ്റി തോട്ടം മേഖലയില്‍ വേരുറപ്പിച്ചിരിക്കുന്നത്. പ്രദേശത്തെ യുവാക്കളെ മോഹവാഗ്ദാനങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച് തങ്ങളുടെ ഏജന്‍റുമാരാക്കുകയാണ് ഇത്തരം സംഘങ്ങളുടെ ലക്ഷ്യം. ചായത്തോട്ടങ്ങളിലും ആളൊഴിഞ്ഞ പറമ്പുകളിലും റൂമുകള്‍ വാടകക്കെടുത്തുമാണ് ലഹരി പുകക്കാനുള്ള താവളങ്ങളാക്കി മാറ്റുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെവരെ ലഹരിക്ക് അടിമയാക്കിയാണ് മാഫിയ പണം കൊയ്യുന്നത്. സമീപത്തുള്ള കാവുമന്ദത്തെ ബിവറേജസ് ഷോപ് അടച്ചുപൂട്ടിയതോടെ വൈത്തിരിയില്‍നിന്ന് മദ്യം വാങ്ങിച്ച് അനധികൃതമായി കോളനികള്‍ കേന്ദ്രികരിച്ച് മദ്യവില്‍പനയും തകൃതിയാണ്. ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്നവര്‍ ഇത്തരം ലഹരിക്ക് അടിമപ്പെടുന്ന കേസുകളും നിരവധി. ലഹരി മരുന്ന് കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ അധികപേരും വിദ്യാര്‍ഥികളും യുവാക്കളുമാണ്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ പൊലീസ്, എക്സൈസ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ ഏറ്റവും കൂടുതല്‍ ലഹരിയുമായി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും വൈത്തിരി താലൂക്കിലാണ്. അതിനാല്‍, നഗരങ്ങളെപോലെതന്നെ ഇത്തരം ഭാഗങ്ങളിലും തങ്ങള്‍ ഏറെ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ആന്‍റി നാര്‍ക്കോട്ടിക് സെല്ലും പൊലീസും വ്യക്തമാക്കുന്നു. ലഹരി മാഫിയയെ തുരത്താന്‍ പഴുതടച്ച അന്വേഷണമാണ് നടത്തുന്നതെന്നും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.