സര്‍ക്കാര്‍ ആംബുലന്‍സ് : ആദിവാസികള്‍ക്ക് ഉപകാരപ്പെടുന്നില്ല

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍നിന്ന് റഫര്‍ ചെയ്യുന്ന ആദിവാസി രോഗികള്‍ക്ക് സര്‍ക്കാര്‍ ആംബുലന്‍സ് ഉപകാരപ്പെടുന്നില്ളെന്ന് വ്യാപക പരാതി. ഇവര്‍ക്ക് സ്വകാര്യ ആംബുലന്‍സ് ലഭ്യമാക്കാന്‍ അധികൃതര്‍ വിമുഖത കാണിക്കുന്നതായി ആരോപണമുയര്‍ന്നു. ആദിവാസി സ്ത്രീ ആംബുലന്‍സ് ലഭിക്കാതെ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ നിലവില്‍ പുതിയവ ഉള്‍പ്പെടെ മൂന്ന് ആംബുലന്‍സുകളാണുള്ളത്. ഇതിന് പുറമെ പട്ടികവര്‍ഗ വകുപ്പിന്‍െറ രണ്ട് ആംബുലന്‍സുകളും അത്യാവശ്യ ഘട്ടങ്ങളില്‍ രോഗികളെ കൊണ്ടുപോകാനായി ഉപയോഗപ്പെടുത്താറുണ്ടെങ്കിലും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനാല്‍ പലപ്പോഴും ഇവ ലഭ്യമാവാറില്ല. എന്നാല്‍, ഇതൊന്നും ലഭ്യമാവാത്ത ഘട്ടത്തിലാണ് സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ടി വരുന്നത്. ട്രൈബല്‍ വകുപ്പ് ആംബുലന്‍സുകള്‍ക്ക് കി.മീറ്ററിന് ഒമ്പതു രൂപ പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗികളെ എത്തിക്കുന്നതിനായി നല്‍കുന്നത് 1890 രൂപയാണ്. എന്നാല്‍, സ്വകാര്യ ആംബുലന്‍സുകള്‍ പലപ്പോഴും ഈ വാടകക്ക് പോകാന്‍ തയാറാവാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്. ആഗസ്റ്റ് 27ന് പിണങ്ങോട് വാഴവറ്റ കോളനിയിലെ അമ്മിണി (40)യാണ് ആംബുലന്‍സ് ലഭിക്കാതെ മരണപ്പെട്ടത്. ജില്ലാ ആശുപത്രിയില്‍നിന്ന് ഉച്ചക്ക് 2.30ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത സ്ത്രീക്ക് വൈകീട്ട് അഞ്ച് മണിയായിട്ടും ആംബുലന്‍സ് ലഭിച്ചില്ളെന്ന് പറയപ്പെടുന്നു. സ്വകാര്യ ആംബുലന്‍സ് വിളിച്ചെങ്കിലും വാടക കൊടുക്കാന്‍ കഴിയില്ളെന്ന് ആര്‍.എം.ഒ അറിയിച്ചതിനെ തുടര്‍ന്ന് തിരിച്ചയക്കുകയാണത്രെ ഉണ്ടായത്. പിന്നീട് പാലിയേറ്റിവിന് കീഴിലുള്ള ആംബുലന്‍സിന്‍െറ ഡ്രൈവറെ തിരുനെല്ലിയില്‍നിന്ന് വിളിച്ചുവരുത്തി പോകാനൊരുങ്ങുമ്പോഴേക്കും രോഗി മരിച്ചു. സംഭവത്തെക്കുറിച്ചന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി വികസന പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് നിട്ടംമാനി കുഞ്ഞിരാമന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ആദിവാസി രോഗികളെ കൊണ്ടുപോകുന്ന സ്വകാര്യ ആംബുലന്‍സുകള്‍ക്ക് ട്രൈബല്‍ വകുപ്പ് നിശ്ചയിച്ച വാടക പുതുക്കി നിശ്ചയിക്കുകയോ കൂടുതല്‍ ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്നാണ് ആവശ്യം. അതിനിടെ, പണിമുടക്ക് ദിനത്തിലും സമാനസംഭവം ഉണ്ടായാതായി പറയപ്പെടുന്നു. പടച്ചിക്കുന്ന് കോളനിയിലെ 23കാരനെ രാവിലെ 11.30ഓടെ റഫര്‍ ചെയ്തെങ്കിലും ആംബുലന്‍സ് ലഭിച്ചത് മണിക്കൂറുകള്‍ കഴിഞ്ഞാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.