പണിമുടക്ക് ജില്ലയില്‍ പൂര്‍ണം

കല്‍പറ്റ: കേന്ദ്ര സര്‍ക്കാറിന്‍െറ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബി.എം.എസ് ഒഴികെട്രേഡ് യൂനിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങളൊഴികെയുള്ളവ നിരത്തിലിറങ്ങിയില്ല. സ്വകാര്യവാഹനങ്ങളടക്കം പണിമുടക്കുമായി സഹകരിച്ചതോടെ പൊതുഗതാഗതം നിലച്ചു. കെ.എസ്.ആര്‍.ടി.സി ജില്ലയില്‍ സര്‍വിസുകളൊന്നും നടത്തിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. ജില്ലയിലെ പ്രധാന തൊഴില്‍രംഗമായ തോട്ടങ്ങള്‍ക്കു പുറമെ മോട്ടോര്‍, നിര്‍മാണ, കാര്‍ഷികമേഖല കളെല്ലാം പണിമുടക്കില്‍ പൂര്‍ണമായും സ്തംഭിച്ചു. വ്യാപാരികളും വ്യവസായികളും പണിമുടക്കിനോട് പൂര്‍ണമായും സഹകരിച്ചു. ഒറ്റപ്പെട്ട പെട്ടിക്കടകള്‍ പ്രവര്‍ത്തിച്ചത് കല്‍പറ്റ ടൗണില്‍ എത്തിപ്പെട്ടവര്‍ക്ക് അനുഗ്രഹമായി. പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, തപാല്‍, ടെലികോം മേഖല എന്നിവയെല്ലാം അടഞ്ഞുകിടന്നു. വിവിധ ഭാഗങ്ങളില്‍ തൊഴിലാളികള്‍ പ്രകടനം നടത്തി. 16 കേന്ദ്രങ്ങളില്‍ സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ സത്യഗ്രഹം നടത്തി. കല്‍പറ്റയില്‍ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി വിജയന്‍ പുനിശ്ശേരി ഉദ്ഘാടനം ചെയ്തു. ഗിരീഷ് കല്‍പറ്റ അധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, പി.പി. ആലി, പി.കെ. മൂര്‍ത്തി, കെ. സുഗതന്‍, സാം പി. മാത്യു എന്നിവര്‍ സംസാരിച്ചു. കെ. വാസുദേവന്‍ സ്വാഗതം പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി: മരുന്നുകടകളൊഴികെ ബത്തേരിയിലെയും സമീപപ്രദേശങ്ങളിലേയും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില കുറവായിരുന്നു. കെ.എസ്.ആര്‍.ടി.സി സര്‍വിസൊന്നും നടത്തിയില്ല. നിരത്തിലിറങ്ങിയ വാഹനങ്ങള്‍ പണിമുടക്ക് അനുകൂലികള്‍ ട്രാഫിക് ജങ്ഷനില്‍ തടഞ്ഞു. നാഗ്പുര്‍, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് അരി, പഞ്ചസാര, പഴം, പച്ചക്കറി എന്നിവ കയറ്റിവന്ന ലോറികളാണ് വഴിയില്‍ കുടുങ്ങിയത്. പണിമുടക്കിന്‍െറ ഭാഗമായി സംയുക്ത ട്രേഡ് യൂനിയന്‍ സമരസമിതി പ്രകടനവും പൊതുയോഗവും നടത്തി. പ്രകടനത്തിന് പി.ആര്‍. ജയപ്രകാശ്, ഇബ്രാഹിം തൈത്തൊടി, കെ.സി. യോഹന്നാന്‍, കെ.വി. മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പൊതുയോഗം സി.പി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല മാടക്കര അധ്യക്ഷത വഹിച്ചു. വി.വി. ബേബി, പി.കെ. രാമചന്ദ്രന്‍, കെ. ശശാങ്കന്‍, എ. ഭാസ്കരന്‍, പ്രഭാകരന്‍ നായര്‍, ഷാജി എന്നിവര്‍ സംസാരിച്ചു. മാനന്തവാടി: പണിമുടക്ക് മാനന്തവാടിയില്‍ പൂര്‍ണം. കുറച്ച് സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ടൗണില്‍ വാഹനം തടഞ്ഞില്ല. വിശന്നുവലഞ്ഞവര്‍ക്ക് സംയുക്ത ട്രേഡ് യൂനിയന്‍െറ നേതൃത്വത്തില്‍ ഗാന്ധിപാര്‍ക്കില്‍ കഞ്ഞിയും കപ്പയും നല്‍കി. സംയുക്ത ട്രേഡ് യൂനിയന്‍െറ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.വി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. എം. റജീഷ് അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ എം.പി. ശശികുമാര്‍, ടി.എ. റെജി, സി. കുഞ്ഞബ്ദുല്ല, വി.കെ. ശശിധരന്‍, എസ്. അജയകുമാര്‍, പടയന്‍ റഷീദ്, സി.ജി. രാധാകൃഷ്ണന്‍, കെ.ജി. റോയി, പി.എസ്. രമാദേവി, സി.പി. മുഹമ്മദാലി, കടവന്‍ ജോയി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.