ഓണക്കാല മദ്യപരിശോധന നടത്താന്‍ സി.ഐ ഇല്ല : നിലതെറ്റി മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഓഫിസ്

മാനന്തവാടി: നാഥനില്ലാത്ത മാനന്തവാടി എക്സൈസ് സര്‍ക്കിളിന്‍െറ പ്രവര്‍ത്തനം താളംതെറ്റുന്നു. നിലവിലുണ്ടായിരുന്ന സി.ഐ സ്ഥലം മാറിപ്പോയതിനുശേഷം പകരം നിയമനം നടത്താത്തതാണ് മറ്റു ജീവനക്കാരെ ദുരിതത്തിലാക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് സംസ്ഥാനത്തെ എക്സൈസ് ഇന്‍സ്പെക്ടര്‍മാരെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്. മാനന്തവാടി സി.ഐ ആയിരുന്ന വൈ. ഷിബു കഴിഞ്ഞ പത്താം തീയതി വിടുതല്‍ ചെയ്ത് തിരുവനന്തപുരം സ്ക്വാഡില്‍ ചുമതലയേല്‍ക്കുകയും ചെയ്തു. പകരം കൊല്ലത്തുനിന്ന് ആര്‍. ബാബുവിനെ മാനന്തവാടിയിലേക്ക് നിയമിച്ചെങ്കിലും ഇയാള്‍ ചുമതലയേല്‍ക്കാത്തതാണ് ഓണക്കാലത്തെ പരിശോധനയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി മാറിയിരിക്കുന്നത്. തോല്‍പ്പെട്ടി, ബാവലി, ചെക്പോസ്റ്റുകള്‍, മാനന്തവാടി റെയ്ഞ്ച് സര്‍ക്കിളിന്‍െറ കീഴിലാണ് വരുന്നത്. അതിര്‍ത്തിപ്രദേശം കൂടിയായ മാനന്തവാടിയിലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി മയക്കുമരുന്ന്, വ്യാജമദ്യം, അനധികൃത മദ്യവില്‍പന, കഞ്ചാവ് കടത്ത് എന്നിങ്ങനെയായി നിരവധി കേസുകളാണ് ഒരോ മാസവും രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, സി.ഐ ഇല്ലാത്തതിനാല്‍ കേസുകള്‍ പിടികൂടാനോ കേസുകള്‍ ചാര്‍ജ് ചെയ്യാനോ കഴിയാത്ത സാഹചര്യമാണ്. കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും വിദേശമദ്യ വില്‍പനശാലകളിലും പരിശോധനനടത്താനാവുന്നില്ല. ബീര്‍, വൈന്‍, പാര്‍ലറുകളിലെ പരിശോധനയും നടക്കുന്നില്ല. ഈ പരിശോധനകള്‍ക്കെല്ലാം റേഞ്ച് ഇന്‍സ്പെക്ടറില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ വേണമെന്നാണ് നിയമം. അതിനാല്‍തന്നെ, കേസുകള്‍ പിടികൂടുന്നതിനോ, രജിസ്റ്റര്‍ ചെയ്യുന്നതിനോ കഴിയുന്നില്ല. ഓണക്കാലത്തെ അനധികൃത മദ്യവില്‍പന ഉള്‍പ്പെടെയുള്ളവ തടയുന്നതിനായി സംസ്ഥാനത്താകെ എക്സൈസ് വകുപ്പ് പ്രത്യേക പരിശോധന കര്‍ശനമാക്കുകയും, വ്യാജ മദ്യക്കടത്ത് തടയാന്‍ കര്‍ണാടക, കേരള എക്സൈസ് വകുപ്പ് കര്‍മപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമ്പോഴും സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഒഴിവില്‍ നിയമനം നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. കൂടാതെ, ചെക്പോസ്റ്റുകളിലെയും, സര്‍ക്കിള്‍ ഓഫിസിലെയും 20ഓളം ജീവനക്കാര്‍ക്ക് ഓണത്തിന് ശമ്പളം ലഭിക്കാത്ത അവസ്ഥയുമാണ്. ഇവരുടെ ശമ്പളബില്‍ ഒപ്പിടേണ്ടത് സി.ഐ ആണ്. മാനന്തവാടിയിലേക്ക് നിയമനം ലഭിച്ച സി.ഐ ഉത്തരവിനെതിരെ സ്റ്റേ വാങ്ങിയതായും പറയപ്പെടുന്നുണ്ട്. ഓണം അടുത്ത സാഹചര്യത്തില്‍ സി.ഐയെ നിയമിക്കാന്‍ അടിയന്തര നടപടിവേണമെന്നാണ് വിവിധ സര്‍വിസ് സംഘടനകളും മദ്യവിരുദ്ധ സംഘടനകളും ആവശ്യമുന്നയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.