പുല്‍പള്ളി: കനത്ത ചൂടില്‍ കാര്‍ഷിക വിളകള്‍ കരിയുന്നു. വിളകളുടെ ഉല്‍പാദനത്തെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പായി. നെല്‍കര്‍ഷകരാണ് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്. പാടശേഖരങ്ങളില്‍ നെല്‍ച്ചെടികള്‍ കതിരണിഞ്ഞു നില്‍ക്കുകയാണ്. വെള്ളം കൂടുതല്‍ ആവശ്യമുള്ള ഈ സമയത്ത് പാടശേഖരങ്ങളില്‍ വെള്ളമത്തെിക്കാന്‍ ബുദ്ധിമുട്ടുകയാണ് കര്‍ഷകര്‍. ചില സ്ഥലങ്ങളില്‍ നെല്‍കൃഷി കരിഞ്ഞുണങ്ങാന്‍ തുടങ്ങി. ഇതിനുപുറമെ ഓലകരിച്ചില്‍ അടക്കമുള്ള രോഗങ്ങളും നെല്‍കൃഷിയെ പിടികൂടിയിട്ടുണ്ട്. പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളില്‍ രോഗബാധയാല്‍ ഹെക്ടര്‍ കണക്കിന് നെല്‍കൃഷി നശിച്ചിട്ടുണ്ട്. ഇഞ്ചിക്കര്‍ഷകരും ദുരിതത്തിലാണ്. വിലയിടിവിനൊാപ്പം രോഗങ്ങളും പടര്‍ന്നുപിടിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ഇഞ്ചിയുടെ ഇലകള്‍ മഞ്ഞനിറം ബാധിച്ച് ഉണങ്ങുകയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇഞ്ചി വന്‍തോതില്‍ നശിച്ചു. മഴക്കുറവാണ് രോഗബാധക്ക് കാരണമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംസ്ഥാനത്ത് ഇടുക്കി കഴിഞ്ഞാല്‍ ഏറ്റവുമധികം കുരുമുളക് ഉല്‍പാദിപ്പിക്കുന്ന ജില്ല വയനാടാണ്. കുരുമുളക് ചെടിയെയും രോഗങ്ങള്‍ കാര്‍ന്നുതിന്നുകയാണ്. ഇലവാട്ടം, മഞ്ഞളിപ്പ്, ദ്രുതവാട്ടം തുടങ്ങിയ രോഗങ്ങള്‍ തോട്ടങ്ങളെ ഇല്ലാതാക്കുന്നു. കുരുമുളകിന് മികച്ച വിലയുണ്ടെങ്കിലും ഇത്തവണ കുരുമുളക് ഉല്‍പാദനം മുന്‍വര്‍ഷത്തെക്കാള്‍ കുറയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കുരുമുളക് തിരിയിട്ടശേഷം കാര്യമായ മഴ ലഭിച്ചില്ല. ഇതുമൂലം തിരികളില്‍ കായ്പിടിത്തം കുറഞ്ഞു. കവുങ്ങുകൃഷിക്കാരും നിരാശയിലാണ്. ശക്തമായ വെയിലില്‍ അടക്ക കൊഴിഞ്ഞുവീഴുന്നത് തുടരുകയാണ്. മഞ്ഞളിപ്പ് രോഗം ഈ കൃഷിയെയും വ്യാപകമായി പിടികൂടിയിരിക്കുന്നു. കേരകര്‍ഷകരും ബുദ്ധിമുട്ടുകയാണ്. ജലക്ഷാമത്താല്‍ കായ്പിടിത്തം കുറയുന്നു. കാപ്പിച്ചെടികളില്‍ കായ്കള്‍ വ്യാപകമായി പൊഴിഞ്ഞുവീഴുകയാണ്. ശക്തമായ ചൂടില്‍ ഇലകള്‍ വാടിവീഴുന്നത് കൃഷിയെ ദോഷകരമായി ബാധിക്കുകയാണ്. ജില്ലയിലെ കാപ്പി ഉല്‍പാദനത്തില്‍ വന്‍ ഇടിവുണ്ടാകുമെന്നാണ് സൂചന. തുലാമഴയിലായിരുന്നു കര്‍ഷകര്‍ക്ക് പ്രതീക്ഷ. മഴയുടെ ദൗര്‍ലഭ്യം മൂലം കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്. വയനാട്ടില്‍ 59 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.