സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് അറസ്റ്റ് ചെയ്ത കുളത്തിങ്കല്‍ ഷാജിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വനംവകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ബത്തേരി സി.ഐയാണ് കുളത്തിങ്കല്‍ ഷാജിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. വൈത്തിരി ജയിലില്‍ വെച്ചാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ചാണ് ആനയെ വെടിവെച്ചതെന്ന റിപ്പോര്‍ട്ടിന്മേല്‍ ആംസ് ആക്ട് പ്രകാരമാണ് അറസ്റ്റ്. ഷാജിയെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് അടുത്തദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് അറിയുന്നത്. ഇതിനായി ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ തിങ്കളാഴ്ച അപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ മേയ് 29നാണ് കുറിച്യാട് റെയിഞ്ചില്‍ നാലാംമൈലില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞത്. തുടര്‍ന്ന് അഞ്ചുമാസം കഴിഞ്ഞാണ് കേസിലെ പ്രധാന പ്രതിയെന്ന് വനംവകുപ്പ് പറയുന്ന റിസോര്‍ട്ട് ഉടമ കൂടിയായ പുല്‍പള്ളി സ്വദേശി കുളത്തിങ്കല്‍ ഷാജിയെ വനംവകുപ്പ് അറസ്റ്റ് ചെയ്തത്. അതേസമയം, നൂല്‍പ്പുഴയില്‍ മൂന്നു മാസം മുമ്പ് മാന്‍വേട്ടയുമായി ബന്ധപ്പെട്ട് മുത്തങ്ങ റെയിഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തിങ്കളാഴ്ച വനംവകുപ്പ് ഷാജിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് അധികൃതരില്‍നിന്ന് ലഭിക്കുന്ന വിവരം. ഇതിനായി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. മാനിനെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട് രണ്ട് കേസാണ് മുത്തങ്ങ റെയിഞ്ചില്‍ എടുത്തിട്ടുള്ളത്. രണ്ട് കേസിലുമായി 11 പ്രതികളാണുള്ളത്. ഇതില്‍ ഏഴുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. കുളത്തിങ്കല്‍ ഷാജി കൂടി അറസ്റ്റിലാവുന്നതോടെ കേസുമായി അറസ്റ്റിലാവുന്നവരുടെ എണ്ണം എട്ടാകും. ഈ കേസിലുള്ള മറ്റ് മൂന്നു പേര്‍ക്കും ആനയെ വെടിവെച്ച് കൊന്ന കേസില്‍ ഉള്‍പ്പെട്ട മൂന്നു പേര്‍ക്കുമായുള്ള അന്വേഷണം വനംവകുപ്പ് ഊര്‍ജിതമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.