ഊരുകളില്‍ ജീവിതം നരകതുല്യം

തരിയോട്: ഊരുകളില്‍ കഴിയുന്ന ആദിവാസികളുടെ ജീവിതം നരകതുല്യമാകുന്നു. പലയിടത്തും ആദിവാസികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കുന്നില്ല. വൈത്തിരി താലൂക്കിലെ മലയോര പ്രദേശങ്ങളോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പൂതാനം കോളനി, നായ്ക്കോട്ടുമ്മല്‍ കോളനി, കമ്പനിക്കുന്ന് കോളനി, അതിരത്ത് കോളനി, മൈലാടി കോളനി, പൂക്കോട് ഡയറി കോളനി ഊരുകളാണ് അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമൂലം ദുരിതത്തിലായത്. വീടുകളുടെ നിര്‍മാണത്തിലെ ശോച്യാവസ്ഥ കാരണം ചോര്‍ന്നൊലിക്കുന്ന വീടുകളിലാണ് കുടുംബങ്ങള്‍ താമസിക്കുന്നത്. ആദിവാസി ഭവന പദ്ധതിയനുസരിച്ച് കുടുംബത്തിന് മൂന്നര ലക്ഷം രൂപ സഹായം ലഭിക്കുമെങ്കിലും ഐ.ഡി.ടി.പി പദ്ധതിയുടെ കരാര്‍ കരാറുകാരെയും സൊസൈറ്റികളെയും ഏല്‍പിക്കുന്നതിനാല്‍ 400 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഒട്ടുമിക്ക വീടുകള്‍ക്കും വാസയോഗ്യമായ സൗകര്യമുണ്ടാവില്ളെന്നാണ് ആദിവാസികള്‍ പറയുന്നത്. ഭവനപദ്ധതി രണ്ടര ലക്ഷം രൂപയായിരുന്ന സമയത്ത് ബ്ളോക് പഞ്ചായത്തും ഐ.ഡി.ടി.പിയും നിര്‍മിച്ച് നല്‍കിയ വീടുകള്‍ പലതും നിര്‍മാണ പിഴവുകള്‍മൂലം നിലംപൊത്തിയിരുന്നു. മിക്ക വീടുകള്‍ക്കും അടുക്കളയില്ല. കോളനികളിലെ രണ്ടോ മൂന്നോ വീടുകള്‍ക്ക് മാത്രമാണ് ഉപയോഗ യോഗ്യമായ കക്കൂസുകളുള്ളത്. കുടിവെള്ളവും കിട്ടാക്കനിയാണ്. ഇവര്‍ക്കായി ആവിഷ്കരിച്ച കുടിവെള്ള പദ്ധതിയില്‍നിന്നും വെള്ളം കിട്ടുന്നത് ആഴ്ചയില്‍ ഏതാനും ദിവസങ്ങളില്‍ മാത്രമാണ്. ആദിവാസികളുടെ ഉന്നമനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുമെന്ന് ആവര്‍ത്തിച്ച് പറയുന്ന ത്രിതല പഞ്ചായത്തുകള്‍ എസ്.ടി.എസ്.സി സബ്ള് പ്ളാനുകള്‍ ശരിയായ രീതിയില്‍ ഗുണഭോക്താകളിലേക്ക് എത്തിക്കാത്തതാണ് പ്രശ്നം കൂടുതല്‍ രൂക്ഷമാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.