കാടുകയറി നശിച്ച് നിരവധി കുടിവെള്ള പദ്ധതികള്‍

വെള്ളമുണ്ട: പല ഘട്ടങ്ങളിലായി കോടികള്‍ മുടക്കി നിര്‍മിച്ച നൂറുകണക്കിന് കുടിവെള്ള ജലസേചന പദ്ധതികള്‍ കാടുകയറി നശിക്കുന്നു. വെള്ളമുണ്ട, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് പഞ്ചായത്തുകളിലാണ് നിരവധി കുടിവെള്ള പദ്ധതികള്‍ ആര്‍ക്കും ഉപകാരമില്ലാതെ നശിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ നിര്‍മിച്ച പദ്ധതികളാണ് ഏറെയും. ടാങ്കും കിണറും മോട്ടോറുകളും അടക്കം സ്ഥാപിച്ച പദ്ധതികളാണ് കൂടുതലും. ആവശ്യത്തിന് വെള്ളം കിട്ടുന്നില്ളെന്നും വൈദ്യുതി കണക്ഷന്‍ ശരിയായില്ളെന്നും പറഞ്ഞാണ് പല പദ്ധതികളും പാതിയില്‍ നിര്‍ത്തിയത്. പിന്നീട് പൂര്‍ത്തിയാകുന്നതിനുള്ള നടപടികള്‍ ഉണ്ടായില്ല. വെള്ളമുണ്ട പഞ്ചായത്തിലെ 21 വാര്‍ഡുകളിലായി 25ലധികം കുടിവെള്ള ജലസേചന പദ്ധതികള്‍ വര്‍ഷങ്ങളായി കാടുമൂടി നശിക്കുകയാണ്. ടൗണുകളിലും കോളനികളിലും മറ്റുമായി നിര്‍മിച്ച പഞ്ചായത്തു കിണറുകളില്‍ ബഹു ഭൂരിഭാഗവും ഉപയോഗമില്ലാതെ കിടക്കുന്നുമുണ്ട്. പ്രധാന പദ്ധതികള്‍ക്ക് പുറമെയാണിത്. തൊണ്ടര്‍നാട് പഞ്ചായത്തില്‍ ഇരുപതിലധികവും പടിഞ്ഞാറത്തറയില്‍ ഇരുപതിനടുത്തും പ്രധാന കുടിവെള്ള പദ്ധതികള്‍ ഉപയോഗശൂന്യമാണ്. ഇടക്കാലത്ത് ജലനിധി പദ്ധതി സജീവമായതോടെയാണ് പഴയവ ഉപേക്ഷിച്ചത്. പുതിയ ഫണ്ട് വരുമ്പോള്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതല്ലാതെ ലക്ഷങ്ങള്‍ മുടക്കി പാതിവഴിയിലുപേക്ഷിച്ച കുടിവെള്ള പദ്ധതികള്‍ ഉപയോഗപ്രദമാക്കുന്നതിന് അധികൃതരും താല്‍പര്യം കാണിക്കുന്നില്ല. ഓരോ പദ്ധതിക്കും ലക്ഷങ്ങളാണ് ചെലവഴിച്ചത്. 25 ലക്ഷം രൂപയിലധികം മുടക്കിയ പദ്ധതികളടക്കം ഉപയോഗമില്ലാതെ കിടക്കുന്നുണ്ട്. കുടിവെള്ള-ജലസേചന പദ്ധതിക്കകത്തെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.