വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടഞ്ഞുതന്നെ; സഞ്ചാരികള്‍ കര്‍ണാടകയിലേക്ക്

മാനന്തവാടി: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഉള്‍പ്പെട്ട കുറുവാ ദ്വീപും തോല്‍പെട്ടി വന്യജീവി സങ്കേതവും അടഞ്ഞുകിടക്കുന്നതിനാല്‍ കര്‍ണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക്. അടഞ്ഞുകിടക്കുന്ന കേന്ദ്രങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ നിരാശയോടെ തിരിക്കുകയാണ്. മഴയെ തുടര്‍ന്ന് ജൂണില്‍ അടച്ചതാണ് കുറുവ. മഴ പൂര്‍ണമായും മാറിയിട്ടും തുറക്കുന്നതിനാവശ്യമായ നടപടികളൊന്നും ഇതുവരെ സ്വീകരിച്ചില്ല. വനം വകുപ്പില്‍നിന്നുള്ള തടസ്സങ്ങളാണ് കേന്ദ്രം തുറക്കുന്നതിന് താമസത്തിനിടയാക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഇതോടെ, വനം വകുപ്പിനും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനും ദിവസവും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. ടാക്സി ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് തോല്‍പെട്ടി വന്യജീവി സങ്കേതം അടച്ചിട്ടത്. ഡ്രൈവര്‍മാര്‍ തമ്മിലുള്ള ഭിന്നത പരിഹരിക്കാതെ സങ്കേതം തുറക്കില്ളെന്ന നിലപാടിലാണ് വനം വകുപ്പ്. ഇതോടെയാണ് കുറുവയിലേക്കും തോല്‍പ്പെട്ടിയിലേക്കും കിലോമീറ്ററുകള്‍ താണ്ടി എത്തുന്ന വിനോദ സഞ്ചാരികള്‍ നിരാശയോടെ മടങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ, ഇവിടെനിന്ന് മടങ്ങുന്ന സഞ്ചാരികള്‍ കര്‍ണാടകയിലെ ഇരുപ്പ് വെള്ളച്ചാട്ടം, മടിക്കേരി, നാഗര്‍ഹോള, ദുവാര എന്നീ കേന്ദ്രങ്ങള്‍ കണ്ട് മടങ്ങുകയാണ്. സംസ്ഥാന സര്‍ക്കാറിന് കിട്ടേണ്ട ലക്ഷങ്ങളാണ് അധികൃതരുടെ അനാസ്ഥമൂലം നഷ്ടമാകുന്നത്. എന്നാല്‍, കര്‍ണാടകയിലെ ടൂറിസം കേന്ദ്രങ്ങളെ സഹായിക്കാന്‍ ചില ഉദ്യോസ്ഥര്‍ നടത്തുന്ന ശ്രമത്തിന്‍െറ ഭാഗമായാണ് ഈ കേന്ദ്രങ്ങള്‍ അടച്ചിട്ടതെന്നും ആരോപണമുണ്ട്. അഞ്ചുദിവസത്തോളം അവധിയായതിനാല്‍ ആയിരക്കണക്കിന് സഞ്ചാരികളാണ് കുറുവയുടെയും തോല്‍പെട്ടിയുടെയും പ്രവേശ കവാടത്തിലത്തെി തിരിച്ചുപോയത്. നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ ഇത്തരം കേന്ദ്രങ്ങള്‍ അടച്ചിടുന്നത് ശാശ്വതമായി അടക്കാനുള്ള വനം വകുപ്പ് നീക്കത്തിന്‍െറ ഭാഗമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.