ആശുപത്രി ജീവനക്കാരെ പൂട്ടിയിട്ട സംഭവം: മനുഷ്യാവകാശ ലംഘനം; 25 പേര്‍ക്കെതിരെ കേസ്

മാനന്തവാടി: വനിതാ ഡോക്ടര്‍ അടക്കം ആരോഗ്യ ജീവനക്കാരെ പ്രാഥമിക കൃത്യങ്ങള്‍ക്കുപോലും അവസരം നല്‍കാതെ ഓഫിസിനുള്ളില്‍ പൂട്ടിയിട്ട സംഭവത്തില്‍ കടുത്ത മനുഷ്യാവകാശ ലംഘനം നടന്നതായി വിലയിരുത്തല്‍. സംഭവത്തിനുത്തരവാദികളായ 25 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഞായറാഴ്ച പൊരുന്നന്നൂര്‍ ആരോഗ്യ കേന്ദ്രത്തിലെ ഒ.പി ബഹിഷ്കരിച്ചു. സമരം ശക്തമാക്കുന്നതിന്‍െറ ഭാഗമായി കെ.ജി.എം.ഒ.എ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച രാവിലെ ഒമ്പതു മുതല്‍ 11 വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലെയും ഒ.പി വിഭാഗം ബഹിഷ്കരിക്കും. ഇതിനിടെ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉള്‍പ്പെടെ 25ഓളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സമരത്തിനിടെ, പരിക്കേറ്റ ഡോ. പ്രിന്‍സി(28)യുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. ശേഷം ആശുപത്രി അതിക്രമം തടയല്‍ നിയമപ്രകാരം കേസുകളെടുക്കുമെന്നും വെള്ളമുണ്ട പൊലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെ മാനന്തവാടി ബ്ളോക്കിന് കീഴിലുള്ള പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിനെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ ഉപരോധ സമരമാണ് വിവാദമായിരിക്കുന്നത്. ഒ.പി ടിക്കറ്റ് ചാര്‍ജ് രണ്ട് രൂപയില്‍ നിന്നും അഞ്ച് രൂപയായി വര്‍ധിപ്പിച്ചതിനെതിരെയും ആശുപത്രിയില്‍ കിടത്തി ചികിത്സ നടത്താത്തതില്‍ പ്രതിഷേധിച്ചുമായിരുന്നു ഉപരോധ സമരം. സി.പി.എം പ്രതിനിധി ഉള്‍പ്പെടെയുള്ള ആശുപത്രി എച്ച്.എം.സി 15 ദിവസം മുമ്പ് വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്ക് പുനപരിശോധിക്കാന്‍ തിങ്കളാഴ്ച യോഗം വിളിച്ചുചേര്‍ക്കാമെന്ന് സമരക്കാര്‍ക്ക് ബ്ളോക് പഞ്ചായത്ത് ഭരണാധികാരികള്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സമരം അവസാനിപ്പിക്കാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ ഉള്‍പ്പെടെ പതിനൊന്നോളം ജീവനക്കാരെ സമരക്കാര്‍ മൂന്ന് മണിക്കുറിലധികം മുറികളില്‍ അടച്ചിടുകയായിരുന്നു. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരത്തെി സമരക്കാരുമായി ചര്‍ച്ച ചെയ്ത് അഞ്ച് മണിയോടെ സമരം അവസാനിച്ച ശേഷമാണ് ഇവരെ പുറത്തുവിട്ടത്. പ്രാഥമിക ആവശ്യങ്ങള്‍പോലും നിര്‍വഹിക്കാന്‍ കഴിയാതെ ഏഴ് വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് ബന്ദികളാക്കപ്പെട്ടത്. ഇതില്‍ ചില വനിതാ ജീവനക്കാരുടെ ഒരു വയസ്സുപോലും തികയാത്ത കുഞ്ഞുങ്ങള്‍ പുറത്ത് രക്ഷിതാക്കള്‍ക്കൊപ്പം കാത്തുനില്‍പുണ്ടായിരുന്നു. സമരം ഒത്തുതീര്‍ത്തപ്പോള്‍ സമരക്കാര്‍ക്കെതിരെ നടപടിയെടുക്കില്ളെന്ന് രേഖാമൂലം എഴുതി നല്‍കുകയുണ്ടായി. എന്നാല്‍, സമരക്കാരില്‍ ചിലര്‍, ജീവനക്കാരെ അടച്ചിട്ട മുറിയുടെ ജനല്‍ ശക്തമായി അടച്ചതിനെ തുടര്‍ന്ന് ഡോ. പ്രിന്‍സിയുടെ കൈവിരലിന് പരിക്കേല്‍ക്കുകയും ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഇതിനിടെ, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കെ.ജി.എം.ഒ.എ രംഗത്തത്തെി. പൊരുന്നന്നൂരിലെ ഒ.പി, ഐ.പി വിഭാഗങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ അനിശ്ചിതമായി വിട്ടുനില്‍ക്കും. തിങ്കളാഴ്ച ഡി.എം.ഒയുമായി നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ളെങ്കില്‍ കൂടുതല്‍ ശക്തമായ സമരങ്ങളിലേക്ക് നീങ്ങും. ഇതോടൊപ്പം സമരക്കാര്‍ക്കെതിരെ മനുഷ്യാവകാശ കമീഷനിലും വനിതാകമീഷനിലും പരാതി നല്‍കാനും നീക്കം നടക്കുന്നുണ്ട്. അതിനിടെ, ചികിത്സ തേടിയത്തെിയ തനിക്ക് ചികിത്സ ലഭിച്ചില്ളെന്നാരോപിച്ച് പീച്ചങ്കോട് സ്വദേശി മനോജ് പൊലീസിലും മനുഷ്യാവകാശ കമീഷനും പരാതി നല്‍കി. വനിത ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ മനുഷ്യത്വരഹിതമായി പൂട്ടിയിട്ടവര്‍ക്കെതിരെ മാതൃകാപരമായി ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ മാനന്തവാടി ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ആശുപത്രി അതിക്രമ നിയമപ്രകാരം കേസെടുക്കണം. പ്രസിഡന്‍റ് സി.ജി. ഷിബു അധ്യക്ഷത വഹിച്ചു. പി.എച്ച്. അഷറഫ്ഖാന്‍, എന്‍.ജെ. ഷിബു, കെ.ടി. ഷാജി, വിക്ടോറിയ പോള്‍, വി.എ. ജംഷീര്‍, കെ. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.