മാനന്തവാടി: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ താല്‍ക്കാലിക ജീവനക്കാര്‍ അധികൃതരുടെ അവഗണനക്കും ചൂഷണത്തിനുമെതിരെ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ജീവനക്കാര്‍ക്ക് അവകാശപ്പെട്ട പ്രസവാവധി, ഇന്‍ഷുറന്‍സ് പരിരക്ഷ, ജോലിസുരക്ഷ മുതലായവയൊന്നും തങ്ങള്‍ക്ക് ഇതുവരെ ലഭ്യമായിട്ടില്ളെന്നും ജീവനക്കാരെ സര്‍ക്കാര്‍ സര്‍വിസില്‍ സ്ഥിരപ്പെടുത്തുക, ശമ്പളവര്‍ധന ഉടന്‍ നടപ്പാക്കുക, അമിതമായി ജോലിഭാരം അടിച്ചേല്‍പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ച് നിരാഹാര സത്യഗ്രഹം അടക്കം സമരവുമായി മുന്നോട്ടുപോകുമെന്നും ജീവനക്കാരുടെ കൂട്ടായ്മ മുന്നറിയിപ്പ് നല്‍കുന്നു. സംസ്ഥാനത്തൊട്ടാകെ മൂവായിരത്തോളം താല്‍ക്കാലിക ജീവനക്കാരാണ് ദേശീയ തൊഴിലുറപ്പ് മേഖലയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നത്. ഇതില്‍ വയനാട് ജില്ലയില്‍ നൂറ്റിമുപ്പതോളം ജീവനക്കാരാണ് നാല് ബ്ളോക്കുകള്‍ക്ക് കീഴിലുള്ളത്. 10 വര്‍ഷത്തോളം സര്‍വിസുള്ളവരാണ് ഭൂരിഭാഗവും. 60 ശതമാനത്തിലധികം സ്ത്രീകളാണ്. പ്രസവാവധിപോലും ഇതുവരെ അനുവദിച്ചിട്ടില്ളെന്നുള്ളത് ഈ മേഖലയിലെ ജീവനക്കാരോട് അധികൃതര്‍ കാണിക്കുന്ന അവഗണനക്ക് ഉത്തമ ഉദാഹരണമാണ്. തുച്ഛ വേതനത്തിന് ജോലിചെയ്യുന്ന ജീവനക്കാരോട് അവധിദിനങ്ങളില്‍കൂടി നിര്‍ബന്ധിത ജോലിചെയ്യണമെന്ന് കമീഷണറേറ്റില്‍നിന്ന് കര്‍ശന നിര്‍ദേശവും അടുത്തിടെ വന്നിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, കമീഷണറേറ്റിലെ ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടുമൂലം ഇതുവരെ നടപ്പായിട്ടില്ളെന്ന് ജീവനക്കാര്‍ ആരോപിച്ചു. തുല്യജോലിക്ക് തുല്യവേതനം എന്ന സുപ്രീംകോടതി വിധി നിലവിലിരിക്കെയാണ് ഉദ്യോഗസ്ഥരുടെ ചിറ്റമ്മനയം. ഈ സാഹചര്യത്തിലാണ് സമരരംഗത്തിറങ്ങുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. താല്‍ക്കാലിക ജീവനക്കാര്‍ സമരത്തിനിറങ്ങിയാല്‍ തൊഴിലുറപ്പ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ സ്തംഭനാവസ്ഥയിലേക്ക് നീങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.