കല്‍പറ്റ: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴക്കമ്മി നേരിടുന്ന വയനാട്ടില്‍ ക്ഷീരമേഖലയിലും കാലാവസ്ഥ വ്യതിയാനം കനത്ത തിരിച്ചടിയാകുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന വയനാട് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഈ സമയത്ത് പ്രതിദിനം 1,66,000 ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 1,58,000 ലിറ്ററായി ഉല്‍പാദനം ചുരുങ്ങി. കാലവര്‍ഷം പെയ്യാതെപോയ സാഹചര്യത്തില്‍ വരള്‍ച്ച കൂടുതല്‍ രൂക്ഷമാകുമ്പോള്‍ ഉല്‍പാദനത്തില്‍ കനത്ത ഇടിവുണ്ടാകുമെന്ന് ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കുന്നു. സംസ്ഥാനത്തെ 2859 സൊസൈറ്റികളില്‍നിന്നായി പ്രതിദിനം 9.98 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ സംഭരിക്കുന്നത്. എന്നാല്‍, കേരളത്തില്‍ ഒരുദിവസം മില്‍മ വില്‍ക്കുന്നത് 12.31 ലക്ഷം ലിറ്റര്‍ പാലാണ്. രണ്ടു ലക്ഷത്തോളം ലിറ്റര്‍ പാല്‍ കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങിയാണ് മില്‍മ കുറവ് നികത്തുന്നത്. വയനാടിനു പുറമെ, മറ്റു ജില്ലകളിലും പാല്‍ ഉല്‍പാദനത്തില്‍ കുറവു നേരിടുന്നുണ്ട്. വടക്കന്‍ ജില്ലകളില്‍ മാത്രമായി കഴിഞ്ഞ ഒരാഴ്ചകൊണ്ട് ക്ഷീരോല്‍പാദനത്തില്‍ കുറവു വന്നത് 50,000 ലിറ്ററാണെന്ന് മില്‍മ വൃത്തങ്ങള്‍ പറയുന്നു. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഈ സമയത്ത് പ്രതിദിനം 1.20 ലക്ഷം ലിറ്റര്‍ പാല്‍ അളന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരു ലക്ഷം ലിറ്റര്‍ പാലാണ് ഉല്‍പാദിപ്പിക്കുന്നത്. ഒരു ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കാന്‍ ഒരു നാടന്‍ പശുവിന് പ്രതിദിനം 20 ലിറ്ററെങ്കിലും വെള്ളം കുടിക്കാന്‍ ആവശ്യമാണെന്ന് ക്ഷീരകര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സങ്കര ഇനം പശുക്കളില്‍ മിക്കതും ദിവസം 80 മുതല്‍ 100 ലിറ്റര്‍ വരെ വെള്ളം കുടിക്കുന്നവയാണ്. എന്നാല്‍, കുടിവെള്ള ക്ഷാമവും വരള്‍ച്ചയും രൂക്ഷമായ സാഹചര്യത്തില്‍ പശുക്കള്‍ക്ക് മതിയായ കുടിവെള്ളം നല്‍കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് പല ക്ഷീരകര്‍ഷകരും. ഒട്ടേറെ പശുക്കളുള്ള ഫാമുകളില്‍ ഈ പ്രതിസന്ധി രൂക്ഷമാണ്. ചൂടും ജലദൗര്‍ലഭ്യവും കന്നുകാലികളുടെ ജീവിതം ദുസ്സഹമാക്കുന്ന അവസ്ഥ തുടങ്ങിക്കഴിഞ്ഞു. കിണറുകളില്‍ വെള്ളത്തിന്‍െറ അളവ് കുത്തനെ കുറഞ്ഞതിനാല്‍ ദിവസം 100 ലിറ്റര്‍ വെള്ളം പശുക്കള്‍ക്ക് നല്‍കാന്‍ കഴിയാത്ത സാഹചര്യം ഇപ്പോഴേ ഉണ്ടെന്ന് പല കര്‍ഷകരും പറയുന്നു. തോടുകളിലും പുഴകളിലുമൊക്കെ നീരൊഴുക്ക് നന്നേ കുറഞ്ഞതും പ്രശ്നമാണ്. വേനല്‍ കടുക്കുന്നതോടെ ജലദൗര്‍ലഭ്യത്തിനു പുറമെ പശുക്കള്‍ക്ക് തീറ്റ നല്‍കാനുള്ള പുല്ലിന്‍െറയും മറ്റും അഭാവവും ചരിത്രത്തിലില്ലാത്ത വിധം രൂക്ഷമാകും. അത്തരം സാഹചര്യത്തില്‍ ക്ഷീരകൃഷി എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആധിയിലാണ് പല കര്‍ഷകരും. വരാനിരിക്കുന്ന വെല്ലുവിളി മുന്നില്‍ കണ്ട് പശുക്കളെ വിറ്റൊഴിവാക്കാനും പല കര്‍ഷകരും ശ്രമം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.