ബത്തേരി നഗരസഭ: ശുചിത്വ വാരാചരണത്തിന് ഒരുക്കങ്ങളായി

സുല്‍ത്താന്‍ ബത്തേരി: നഗരസഭയില്‍ ശുചിത്വ വാരാചരണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചെയര്‍മാന്‍ സി.കെ. സഹദേവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ ഏഴു വരെയാണ് വാരാചരണം. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച നഗരത്തില്‍ ബഹുജന പങ്കാളിത്തത്തോടെ ശുചീകരണപ്രവൃത്തി നടത്തും. ടൗണ്‍ 12 മേഖലകളാക്കി തിരിച്ചാണ് ശുചീകരണം നടത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും പോഷക സംഘടനകളും സര്‍വിസ് സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കാളികളാകും. സംഘാടക സമിതി രൂപവത്കരിച്ചു. ഓരോ മേഖലയിലെയും ശുചീകരണപ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കാന്‍ വാര്‍ഡ് കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബാബു അബ്ദുറഹ്മാന്‍, നഗരസഭാ സെക്രട്ടറി സി.ആര്‍. മോഹനന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. അംബിക എന്നിവര്‍ മുഖ്യ ചുമതല വഹിക്കും. രാവിലെ 8.30ന് തെരഞ്ഞെടുക്കപ്പെട്ട വളന്‍റിയര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരണം ആരംഭിക്കും. ശുചീകരിക്കുന്ന സ്ഥലവും ഏറ്റെടുത്തു നടത്തുന്നവരും: ഗാന്ധി ജങ്ഷന്‍ മുതല്‍ ട്രാഫിക് ജങ്ഷന്‍ വരെ-കേരള കോണ്‍-എം, സന്തോഷ് ടാക്കീസ് മുതല്‍ അഡോറേഷന്‍ കോണ്‍വന്‍റ് വരെ-കോണ്‍ഗ്രസ്/യൂത്ത് കോണ്‍ഗ്രസ്, അഡോറേഷന്‍ കോണ്‍വന്‍റ് മുതല്‍ ആഗ്രോ ഇന്‍ഡസ്ട്രീസ് വരെ-മുസ്ലിം ലീഗ്/യൂത്ത് ലീഗ്, ആഗ്രോ ഇന്‍ഡസ്ട്രീസ് മുതല്‍ കട്ടയാട് റോഡ് വരെ-ബി.ജെ.പി/യുവമോര്‍ച്ച, ടി.പി പൈ്ളവുഡ്സ് മുതല്‍ ഗാന്ധി ജങ്ഷന്‍ വരെ-സി.പി.എം/ഡി.വൈ.എഫ്.ഐ, കട്ടയാട് റോഡ് മുതല്‍ ട്രാഫിക് ജങ്ഷന്‍ വരെ-വിനായക നഴ്സിങ് സ്കൂള്‍ വിദ്യാര്‍ഥികള്‍, റഹീം മെമ്മോറിയല്‍ റോഡ്-വ്യാപാരി വ്യവസായി ഏകോപന സമിതി/യൂത്ത് വിങ്, ട്രാഫിക് ജങ്ഷന്‍ മുതല്‍ ദ്വാരക ഹോട്ടല്‍ വരെ-അസംപ്ഷന്‍ നഴ്സിങ് സ്കൂള്‍ വിദ്യാര്‍ഥികള്‍, ജോ. ആര്‍.ടി.ഒ ഓഫിസ് മുതല്‍ ദ്വാരക ഹോട്ടല്‍ വരെ-കേരള അക്കാദമി ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍, ചുങ്കം ജങ്ഷന്‍ മുതല്‍ ഗീതാഞ്ജലി പമ്പ് വരെ-14 മുതല്‍ 23 വരെ വാര്‍ഡുകളിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍, കോട്ടക്കുന്ന് മൈസൂരു ജങ്ഷന്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി വരെ-ഒന്നു മുതല്‍ 13 വരെ വാര്‍ഡുകളിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍, പൊലീസ് സ്റ്റേഷന്‍ റോഡ്-വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും. മികച്ച പ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ക്ക് സമ്മാനം നല്‍കും. ഡെപ്യൂട്ടി ചെയര്‍പേഴ്സന്‍ ജിഷ ഷാജി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എല്‍. സാബു, കൗണ്‍സിലര്‍മാരായ സോബിന്‍, സാബു, നഗരസഭാ സെക്രട്ടറി സി.ആര്‍. മോഹനന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. അംബിക, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വത്സ ജോസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.