പുല്‍പള്ളി ടൗണിലൂടെ ജലനിധി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതില്‍ അഭിപ്രായഭിന്നത

പുല്‍പള്ളി: പുല്‍പള്ളി ടൗണിലൂടെ ജലനിധി പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായഭിന്നത. 14 കോടിയോളം രൂപ ചെലവില്‍ പുല്‍പള്ളി പഞ്ചായത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ മുക്കാല്‍ ഭാഗം പ്രവൃത്തിയും പൂര്‍ത്തിയായി. പുല്‍പള്ളി ടൗണിലൂടെ റോഡ് കുത്തിപ്പൊളിച്ച് പൈപ്പ് ഇടുന്നതിനെതിരെ വ്യാപാരികളടക്കം രംഗത്തുവന്നു. കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗത്തിലും ഭൂരിഭാഗം പേരും ഇതിനെ എതിര്‍ത്തു. മഴക്കാലം അടുത്തിരിക്കെ റോഡ് പൊളിക്കുന്നത് എല്ലാവരെയും പ്രതികൂലമായി ബാധിക്കുമെന്ന് ഇവര്‍ പറയുന്നു. ടൗണ്‍ ഒഴിവാക്കി പൈപ്പ്ലൈനുകള്‍ സ്ഥാപിച്ചാല്‍ പ്രശ്നം പരിഹരിക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജലനിധിപദ്ധതിയുടെ തുടക്കം മുതല്‍ വിവാദവും ഒപ്പമുണ്ടായിരുന്നു. മുന്‍ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് ജലനിധി പദ്ധതിക്ക് അനുമതി നല്‍കിയതും പ്രവൃത്തി തുടങ്ങിയതും. മൂന്നു വര്‍ഷംകൊണ്ട് പണികള്‍ തീര്‍ക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, കാലാവധിക്കുള്ളില്‍ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ജൂണ്‍വരെ പണി പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിക്കൊടുത്തിരുന്നെങ്കിലും പണി ബാക്കിയായി. ഇതോടെ സമയപരിധി വീണ്ടും ഈ വര്‍ഷം ഡിസംബര്‍വരെ നീട്ടിക്കൊടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.