പുതിയ സര്‍ക്കാറില്‍ പ്രതീക്ഷയര്‍പ്പിച്ച് പാമ്പ്രയിലെ തൊഴിലാളികള്‍

കേണിച്ചിറ: പുതിയ സര്‍ക്കാറില്‍ പ്രതീക്ഷയര്‍പ്പിച്ച് പൂതാടി പഞ്ചായത്തിലെ പാമ്പ്ര സര്‍ക്കാര്‍ പ്ളാന്‍േറഷനിലെ തൊഴിലാളികള്‍. പതിറ്റാണ്ട് നീണ്ട തൊഴില്‍സമരം ഭരണനേതൃത്വങ്ങളുടെ അനാസ്ഥകൊണ്ടാണ് പരിഹരിക്കപ്പെടാതെ നീളുന്നത്്. പാമ്പ്രയിലെ സമരം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം മുമ്പ് രംഗത്തുവന്ന സാഹചര്യത്തിലാണ് തൊഴിലാളികള്‍ പിണറായി വിജയന്‍ സര്‍ക്കാറില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. 1000ത്തിലേറെ ഏക്കര്‍ വരുന്ന പാമ്പ്ര തോട്ടം ഇപ്പോള്‍ നാഥനില്ലാത്ത അവസ്ഥയിലാണ്. തൊഴിലാളികള്‍ സമരത്തിന്‍െറ പേരില്‍ വെട്ടിപ്പിടിച്ച സ്ഥലത്ത് കൃഷിചെയ്യുന്നുണ്ട്. സ്വന്തമെന്ന പോലെയാണ് ഈ സ്ഥലങ്ങള്‍ ഉപയോഗിക്കുന്നത്. ചില തൊഴിലാളികള്‍ ഈ തോട്ടം പാട്ടത്തിന് കൊടുത്തിരിക്കുകയാണ്. ചിലര്‍ കൃഷിയിറക്കി ലാഭം കൊയ്യുമ്പോള്‍ ഒന്നും ലഭിക്കാത്ത തൊഴിലാളികളുമുണ്ട്. സമരം ഒത്തുതീര്‍പ്പാക്കാന്‍ വിട്ടുവീഴ്ച ചെയ്യാന്‍ തൊഴിലാളികള്‍ തയാറാണ്. ആനുകൂല്യവും നഷ്ടപരിഹാരവും കൊടുത്താല്‍ തൊഴിലാളികള്‍ ഒഴിഞ്ഞുപോകും. എന്നാല്‍, അതിനുള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. വനംവകുപ്പിന്‍െറ നിയന്ത്രണത്തിലായിരുന്ന പാമ്പ്ര തോട്ടം കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍െറ പൂര്‍ണ നിയന്ത്രണത്തിലായതോടെയാണ് തൊഴിലാളികളുടെ കഷ്ടകാലം തുടങ്ങിയത്. ലോഡ് കണക്കിന് കുരുമുളകും കാപ്പിയും കയറ്റിക്കൊണ്ടു പോയ നല്ലകാലം പെട്ടെന്ന് ഇല്ലാതാകാന്‍ കാരണം ഒരുപരിധി വരെ അധികാരികളുടെ അനങ്ങാപ്പാറ നയമാണെന്നാണ് ഒട്ടു മിക്ക തൊഴിലാളികളും പറയുന്നത്. 2000ത്തിന്‍െറ തുടക്കത്തിലുണ്ടായ കുരുമുളകിന്‍െറ വിലയിടിവ് തോട്ടം നടത്തിപ്പ് അധികൃതര്‍ക്ക് ബാധ്യതയാക്കി. ചെലവും വരുമാനവും ഒത്തുപോകാന്‍ കഴിയാതെ വന്നതോടെ കെ.എഫ്.ഡി.സി അധികാരികള്‍ തോട്ടത്തിനുള്ളിലെ ഓഫിസ് അടച്ചുപൂട്ടി. തൊഴിലും കൂലിയും ആരോട് ചോദിക്കണമെന്നറിയാതെ തൊഴിലാളികള്‍ നട്ടം തിരിയാനും തുടങ്ങി. ഏതാനും വര്‍ഷം കഴിഞ്ഞപ്പോള്‍ എ.കെ.എസിന്‍െറ നേതൃത്വത്തില്‍ ആദിവാസികള്‍ തോട്ടത്തിന്‍െറ ഒരുഭാഗം കൈയേറി കുടില്‍കെട്ടി. അവര്‍ക്കത് പതിച്ചു കിട്ടുകയും ചെയ്തു. തോട്ടത്തെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വോട്ട് പിടിക്കാനുള്ള മാര്‍ഗമായി പൂതാടിയിലെ ഇടത്-വലത് മുന്നണികള്‍ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ തോട്ടത്തിലെ പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ ഒന്നും ചെയ്തില്ളെന്ന അഭിപ്രായമാണ് ഇടതുനേതാക്കള്‍ ഉന്നയിച്ചിട്ടുള്ളത്. കുരുമുളകിനും മറ്റും വിലകൂടിയ സാഹചര്യത്തില്‍ തോട്ടം നഷ്ടമാകാന്‍ സാധ്യതയില്ല. എന്നാല്‍, അതിന് ആര് മുന്നിട്ടിറങ്ങുമെന്ന കാര്യത്തിലാണ് അനിശ്ചിതാവസ്ഥ. പാമ്പ്രയിലെ പരിതാപ സ്ഥിതിക്ക് മാറ്റമുണ്ടാക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്ന് പൂതാടിയിലെ ഇടതുനേതാക്കള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.