കല്‍പറ്റ: ഗുണനിലവാരമുള്ള പഠനാന്തരീക്ഷം നല്‍കി കുട്ടികള്‍ കൊഴിഞ്ഞുപോകാതെ വിദ്യാലയങ്ങളില്‍ നിലനിര്‍ത്താനും ജില്ലയിലെ ആറുവയസ്സിനും 14 വയസ്സിനും ഇടയിലുള്ള മുഴുവന്‍ കുട്ടികളെയും വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കാനുമുള്ള നിരവധി പരിപാടികള്‍ ആവിഷ്കരിച്ചതായി സര്‍വശിക്ഷാ അഭിയാന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ വര്‍ഷം വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിനുവേണ്ടി മേയ് 30ന് പഞ്ചായത്തുതലത്തില്‍ നടത്തുന്ന ‘സമന്വയം’ വിദ്യാഭ്യാസ ശില്‍പശാലക്കു പഞ്ചായത്തു വിദ്യാഭ്യാസ സമിതി നേതൃത്വം നല്‍കും. പഞ്ചായത്തിലെ തെരഞ്ഞെടുത്ത ഒരു കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ നടത്തുന്ന ‘സമന്വയം’ ശില്‍പശാലയില്‍ മുഴുവന്‍ പ്രൈമറി അധ്യാപകരും പ്രധാനാധ്യാപകരും പഞ്ചായത്ത് അംഗങ്ങളും വിദ്യാഭ്യാസ സമിതി അംഗങ്ങളും പങ്കെടുക്കും. അവധിക്കാല അധ്യാപക പരിശീലനത്തില്‍ രണ്ടുഘട്ടങ്ങളിലായി 84 ശതമാനം അധ്യാപകര്‍ പങ്കെടുത്തു. ഇപ്പോള്‍ നടക്കുന്ന അവസാനഘട്ട പരിശീലന പരിപാടി പൂര്‍ത്തിയാകുമ്പോള്‍ മുഴുവന്‍ അധ്യാപകരും പരിശീലനം നേടും. ‘സമന്വയം’ ശില്‍പശാലയില്‍ രൂപപ്പെട്ട ധാരണകളുടെ അടിസ്ഥാനത്തില്‍ മേയ് 31ന് വിദ്യാലയാടിസ്ഥാനത്തില്‍ നടത്തുന്ന ഏകദിന ശില്‍പശാലയാണ് ‘ഒരുക്കം’. ഇതില്‍ പ്രൈമറി അധ്യാപകരോടൊപ്പം പി.ടി.എ, എസ്.എം.സി, എസ്.എസ്.ജി അംഗങ്ങളും പങ്കെടുക്കും. സ്കൂള്‍ വികസനപദ്ധതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി വിദ്യാലയത്തില്‍ നടപ്പാക്കേണ്ട പരിപാടികളുടെ വിശദാംശങ്ങള്‍ ഈ ശില്‍പശാലയില്‍ തയാറാക്കും. ‘ഒരുക്കം’ ശില്‍പശാലക്ക് പ്രധാനാധ്യാപകരും എസ്.ആര്‍.ജി കണ്‍വീനറുമാണ് നേതൃത്വം നല്‍കുക. ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാലയ പ്രവേശം, പഠനം, പിന്തുണ, എന്നിവക്കായി രൂപവത്കരിച്ച, ഒരു വര്‍ഷം നീളുന്ന സമഗ്ര പരിപാടിയാണ് ‘ഗോത്രവിദ്യ’. മുഴുവന്‍ പഞ്ചായത്തുകളിലും നടത്തുന്ന വിദ്യാലയ പ്രവേശ കാമ്പയിന്‍ ആണ് ആദ്യ പരിപാടി. ടൈഡ് (ടോട്ടല്‍ ഇന്‍റന്‍സീവ് ഡ്രൈവ് ഓണ്‍ എന്‍റോള്‍മെന്‍റ്) എന്നു പേരിട്ട ഈ കാമ്പയിന്‍ മേയ് 29, 30, 31 തീയതികളില്‍ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന കേന്ദ്രങ്ങളിലും ഊരു കേന്ദ്രങ്ങളിലും വിദ്യാലയ പ്രവേശം നേടാത്ത കുട്ടികളെ വിദ്യാലയത്തിലത്തെിക്കാനുള്ള സഹായങ്ങള്‍ നല്‍കും. ‘ടൈഡ്’ കാമ്പയിന്‍ സംഘാടനത്തിനായി എല്ലാ പഞ്ചായത്തിലും മേയ് 28ന് ആസൂത്രണ-അവലോകന യോഗം ചേരും. ഈ യോഗത്തില്‍ അധ്യാപകര്‍, റിട്ടയര്‍ ചെയ്തവര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രമോട്ടര്‍, കുടംബശ്രീ, അയല്‍സഭ, എന്‍.എസ്.എസ്, ആശാവര്‍ക്കര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, സോഷ്യല്‍ വര്‍ക്കര്‍ തുടങ്ങിയ എല്ലാവരുടെയും സേവനം പ്രയോജനപ്പെടുത്തി വളന്‍റിയര്‍ ഗ്രൂപ് രൂപവത്കരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും പ്രസിഡന്‍റുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍ എന്നിവരുടെ യോഗംചേര്‍ന്ന് വിദ്യാലയ പ്രവേശ കാമ്പയിന്‍ വിജയിപ്പിക്കാനുള്ള ആസൂത്രണം നടത്തിയിട്ടുണ്ട്. വിദ്യാലയ പരിധിയിലോ ഗ്രാമപഞ്ചായത്തു പരിധിയിലോ പ്രവേശം നേടാത്തവരായി ആരുമില്ളെന്ന പ്രഖ്യാപനം ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തില്‍ നടത്തും. ജില്ലാ-ബ്ളോക്-പഞ്ചായത്ത്-വിദ്യാലയ തലത്തില്‍ പ്രവേശനോത്സവം സംഘടിപ്പിക്കും. ജില്ലാതല പ്രവേശനോത്സവം മാതമംഗലം ഗവ. ഹൈസ്കൂളിലായിരിക്കും. ഒന്നുമുതല്‍ എട്ടുവരെ ക്ളാസിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും പട്ടികജാതി വര്‍ഗ കുട്ടികള്‍ക്കും ദാരിദ്ര്യരേഖക്കു താഴെയുള്ളവര്‍ക്കും രണ്ടു ജോഡി യൂനിഫോം വാങ്ങുന്നതിനായി ഒരു കുട്ടിക്കു 400 രൂപ വീതം ഗവ. വിദ്യാലയങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്. രണ്ടാം ക്ളാസു മുതല്‍ എട്ടാം ക്ളാസുവരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി പാഠപുസ്തകം വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ എ. ദേവകി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. രാഘവന്‍, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസര്‍ ഡോ. ടി.കെ. അബ്ബാസലി, എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫിസര്‍മാരായ കെ.എം. മൊയ്തീന്‍ കുഞ്ഞി, എം.ഒ. സജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.