മലബാറിലെ ആദ്യത്തെ ഗ്രാമ കോടതി വൈത്തിരിയില്‍

കല്‍പറ്റ: മലബാറിലെ ആദ്യത്തെ ഗ്രാമ ന്യായാലയ (ഗ്രാമ കോടതി) വൈത്തിരിയില്‍ ജൂണ്‍ നാലിന് പ്രവര്‍ത്തനം തുടങ്ങും. ഗ്രാമ പ്രദേശത്തുള്ളവര്‍ക്ക് എളുപ്പത്തിലും ചെലവുകുറഞ്ഞ രീതിയിലും നീതി ലഭ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ 2008ല്‍ പാസാക്കിയ ഗ്രാമ ന്യായാലയാസ് ആക്ട് അനുസരിച്ചാണ് ഇത്തരം കോടതികള്‍ സ്ഥാപിക്കുന്നത്. 2009 ഒക്ടോബര്‍ രണ്ടുമുതല്‍ പ്രാബല്യമുള്ള ഈ നിയമമനുസരിച്ച് രാജ്യത്ത് 5000 ഗ്രാമ കോടതികള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതുവരെ 200ല്‍ താഴെ ഗ്രാമ കോടതികള്‍ മാത്രമെ സ്ഥാപിക്കപ്പെട്ടിട്ടുള്ളൂ. ബ്ളോക് പഞ്ചായത്തിന് കീഴില്‍ വരുന്ന പഞ്ചായത്തുകളാണ് ഗ്രാമ കോടതിയുടെ അധികാരപരിധിയില്‍ വരുന്നത്. ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് തുല്യമായ ന്യായാധികാരിയാണ് കോടതിയുടെ അധികാരി. സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയുമായി ആലോചിച്ചാണ് നിയമനം. വിപുലമായ പരസ്യം നല്‍കി അധികാരപരിധിയിലുള്ള ഏത് സ്ഥലത്തും ഒരു മൊബൈല്‍ കോടതിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. സിവില്‍-ക്രിമിനില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അധികാരവും ഗ്രാമ കോടതിക്കുണ്ട്. ജില്ലാ കോടതി, ജില്ലാ പഞ്ചായത്ത്, കല്‍പറ്റ ബ്ളോക് പഞ്ചായത്ത് എന്നിവ മുന്‍കൈയെടുത്താണ് ജില്ലയില്‍ ഗ്രാമ കോടതി സ്ഥാപിക്കുന്നത്. ഗ്രാമ കോടതി അധികാരപരിധിയില്‍ വരുന്ന വെങ്ങപ്പള്ളി, വൈത്തരി, പൊഴുതന, മേപ്പാടി, മൂപ്പൈനാട്, കോട്ടത്തറ, മുട്ടില്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തുകളും ഗ്രാമ കോടതിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്. ജൂണ്‍ നാലിന് നടക്കുന്ന ഗ്രാമ കോടതിയുടെ ഉദ്ഘാടനം സംബന്ധിച്ച യോഗത്തില്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ഡോ. വി. വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാ കുമാരി, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍, അഡീഷനല്‍ ഡിസ്ട്രിക് ജഡ്ജ്-1 എസ്.എച്ച്. പഞ്ചാപകേശന്‍, എം.എ.സി.ടി ജഡ്ജ് ശശിധരന്‍, അഡീഷനല്‍ ഡിസ്ട്രിക് ജഡ്ജ്-2 ഇ. അയ്യൂബ് ഖാന്‍, കല്‍പറ്റ മുന്‍സിഫ് ആര്‍.എം. സല്‍മത്ത്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എന്‍.ജെ. ഹനസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.