പുല്‍പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ വരള്‍ച്ചമൂലം ഇതുവരെ രണ്ടു കോടിയോളം രൂപയുടെ നഷ്ടം. കാര്‍ഷിക വിളകള്‍ വ്യാപകമായി കരിഞ്ഞുണങ്ങിയാണ് നഷ്ടമുണ്ടായിരിക്കുന്നത്. ഇതുവരെ 4500ഓളം അപേക്ഷകള്‍ കൃഷിനാശവുമായി ബന്ധപ്പെട്ട് മുള്ളന്‍കൊല്ലി കൃഷിഭവനില്‍ ലഭിച്ചിട്ടുണ്ട്. പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍നിന്നുമുള്ള അപേക്ഷകള്‍ ഇക്കൂട്ടത്തിലുണ്ട്. കൂടുതലായും കാപ്പി, കുരുമുളക് കൃഷികളാണ് നശിച്ചിരിക്കുന്നത്. വയനാട്ടില്‍ വരള്‍ച്ചയാല്‍ ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടായ പഞ്ചായത്ത് മുള്ളന്‍കൊല്ലിയാണ്. കബനിയുടെ തീരപ്രദേശങ്ങളിലാണ് കൂടുതല്‍ കൃഷിനാശം സംഭവിച്ചത്. പെരിക്കല്ലൂര്‍, മരക്കടവ്, സീതാമൗണ്ട്, കൊളവള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ കൂടുതലായും എത്തുന്നത്. ജീവനക്കാരുടെ കുറവ് കൃഷിനാശം യഥാസമയം തിട്ടപ്പെടുത്തുന്നതിന് തടസ്സമാകുന്നുണ്ട്. നിലവില്‍ കൃഷി ഓഫിസര്‍ അടക്കം നാലു പേര്‍ മാത്രമേ കൃഷിഭവനിലുള്ളൂ. കൃഷിനാശമുണ്ടായ സ്ഥലങ്ങള്‍ കണ്ട് നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ രണ്ടു ജീവനക്കാര്‍ നിത്യവും പോകുന്നുണ്ട്. ഇവര്‍ക്ക് ഒരു ദിവസം 10 മുതല്‍ 15 കൃഷിയിടങ്ങളില്‍ മാത്രമേ എത്താന്‍ സാധിക്കുന്നുള്ളൂ. മുള്ളന്‍കൊല്ലി കൃഷിഭവനിലേക്ക് വരള്‍ച്ചക്കെടുതികളും മറ്റും വിലയിരുത്തുന്നതിനായി കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയെങ്കലും നടപ്പായില്ല. ഏഴു ജീവനക്കാരെ ഇതിനായി നിയമിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.