മാനന്തവാടി: തിരുവനന്തപുരം ആസ്ഥാനമായ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയുടെ കാമ്പസ് വയനാട് ജില്ലയില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഏപ്രില്‍ ഏഴിന് തിരുവനന്തപുരത്ത് ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം നടക്കും. ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. എസ്. ജയശങ്കര്‍, ആരോഗ്യ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ഡോ. എ. റംല ബീവി എന്നിവരാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗംചേരുന്നത്. വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്തിലാണ് ശ്രീചിത്തിര വയനാട് സെന്‍റര്‍ ആരംഭിക്കുന്നത്. 2012 മുതല്‍ മന്ത്രി പി.കെ. ജയലക്ഷ്മിയുടെയും എം.പി എം.ഐ. ഷാനവാസിന്‍െറയും നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് ശ്രീചിത്തിര സെന്‍റര്‍ അനുവദിച്ചത്. കാന്‍സര്‍ പഠന ഗവേഷണകേന്ദ്രംകൂടി ഇതോടനുബന്ധിച്ചുള്ളതിനാല്‍ കേന്ദ്ര ഗവണ്‍മെന്‍റിന്‍െറ അനുമതി ഇതിനാവശ്യമാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പരസ്പരം ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തുകയും നിരവധിയോഗങ്ങള്‍ ചേരുകയുംചെയ്തു. ജനുവരി 17ന് ധനകാര്യവകുപ്പ് വയനാട് ശ്രീചിത്തിര സെന്‍ററിന് ഹെഡ് ഓഫ് അക്കൗണ്ട് അനുവദിച്ച് ഉത്തരവായി. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് റവന്യൂവകുപ്പ് പുറപ്പെടുവിച്ച നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ 2016 ഫെബ്രുവരി അവസാനം വയനാട് ജില്ലാ കലക്ടര്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ ഗ്ളണ്‍ലവന്‍ എസ്റ്റേറ്റിന്‍െറ കൈവശമുള്ള 75 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. ഭൂമിസംബന്ധിച്ച് കോടതിയില്‍ കേസ് നിലവിലുള്ളതിനാല്‍ ഭൂമിയുടെ ഇംപ്രൂവ് ചാര്‍ജ് മാത്രം ബാങ്കില്‍ നിക്ഷേപിച്ചാണ് കലക്ടര്‍ ഭൂമി ഏറ്റെടുത്തത്. കേന്ദ്രത്തില്‍നിന്നുള്ള അന്തിമ അനുമതികൂടി കിട്ടിക്കഴിഞ്ഞാല്‍ താല്‍ക്കാലികമായി കേന്ദ്രം ആരംഭിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.