വനപാലകരെ വട്ടംകറക്കി തോല്‍പെട്ടിയില്‍ വീണ്ടും കാട്ടാനയുടെ വിളയാട്ടം

മാനന്തവാടി: വനപാലകരെ വട്ടംകറക്കി തോല്‍പെട്ടിയില്‍ വീണ്ടും കാട്ടാനയുടെ വിളയാട്ടം. കഴിഞ്ഞ ദിവസം തോല്‍പെട്ടി വനം ചെക്പോസ്റ്റിന് സമീപത്തെ വനിത മെസ് ഹൗസ് മോഴയാന തകര്‍ത്തിരുന്നു. ഞായറാഴ്ചയും ഇതേ സ്ഥലത്തുതന്നെ ആനയുടെ ആക്രമണം ഉണ്ടായി. രണ്ടാഴ്ച മുമ്പ് നരിക്കല്ലില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പ് ആന തകര്‍ത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വനപാലകരെ തടഞ്ഞുവെച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഡോക്ടര്‍മാരുടെയും കുങ്കിയാനകളുടെയും സഹായത്തോടെ മോഴയാനയെ റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ തീരുമാനിച്ചു. മൂന്നു ദിവസം 120ഓളം ജീവനക്കാര്‍ കാട്ടില്‍ തിരച്ചില്‍ നടത്തിയിട്ടും മോഴയെ കണ്ടത്തൊനായില്ല. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാര്‍ തിരിച്ചുപോവുകയും കുങ്കിയാനകളെ മുത്തങ്ങയിലേക്ക് മടക്കിയയക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ആനയുടെ ആക്രമണം വീണ്ടും ഉണ്ടായിരിക്കുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം നടത്തിയ മോഴ മുമ്പ് റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ ഉദ്ദേശിച്ച ആനയല്ളെന്ന് വനപാലകര്‍ പറഞ്ഞു. പ്രദേശത്ത് ശല്യക്കാരായ മൂന്നു മോഴയാനകളുണ്ടെന്നും ഇവര്‍ പറഞ്ഞു. ആനകളുടെ ശല്യം രൂക്ഷമായതോടെ വനംവകുപ്പ് കാവല്‍ക്കാരെ ഏര്‍പ്പെടുത്തി. കൂടാതെ, ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലും നിരീക്ഷണം ശക്തമാക്കും. അതേസമയം, തോല്‍പ്പെട്ടി മുതല്‍ നായ്ക്കട്ടി പാലം വരെ നാല് കി.മീ. ദൂരം പുതിയ വൈദ്യുതി കമ്പിവേലി സ്ഥാപിക്കുന്നതിനും ഏഴ് കി.മീറ്റര്‍ ദൂരം നിലവിലെ കമ്പിവേലി പുനര്‍നിര്‍മിക്കുന്നതിനുമായി ഫണ്ട് ലഭ്യമായിട്ടുണ്ടെന്നും ഏപ്രിലില്‍ നിര്‍മാണം ആരംഭിക്കുമെന്നും വനപാലകര്‍ പറഞ്ഞു. കടുത്ത വേനലില്‍ കാടിനുള്ളില്‍ തീറ്റ കുറയുകയും ചക്ക സീസണ്‍ ആരംഭിക്കുകയും ചെയ്തതിനാല്‍ കാട്ടാനകള്‍ കൃഷിയിടങ്ങളിലേക്ക് കൂട്ടത്തോടെ എത്തുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഇത് തടയാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ കണ്ടത്തെണമെന്നാണ് നാട്ടുകാരുടെയും കര്‍ഷകരുടെയും ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.