മീനങ്ങാടി: ഗവ. ആശുപത്രിയില്‍ സായാഹ്ന ഒ.പിക്ക് നടപടിയില്ലാത്തത് ജനത്തിന് ദുരിതമാകുന്നു. വൈകുന്നേരങ്ങളില്‍ നൂറുകണക്കിന് രോഗികളാണ് സ്വകാര്യ പരിശോധന കേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. രാവിലെ ഒ.പിയില്‍ 200ലേറെ രോഗികള്‍ ദിവസവും എത്തുന്നുണ്ട്. ഒ.പിയിലുണ്ടാകുന്ന ഡോക്ടര്‍മാരുടെ എണ്ണക്കുറവ് കാരണം ഏറെ നേരം കാത്തുനിന്നാലേ പരിശോധന സാധ്യമാകൂ. വൈകുന്നേരം മൂന്നു മണിയായാല്‍ ടൗണിലെ സ്വകാര്യ പരിശോധന കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ്. ഗവ. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തന്നെയാണ് സ്വകാര്യ പരിശോധന നടത്തുന്നവരില്‍ പ്രമുഖര്‍. ആശുപത്രി ഒ.പിയില്‍ ഇവരുടെ സേവനം വേണ്ട രീതിയില്‍ ലഭ്യമാക്കിയാല്‍ രോഗികള്‍ക്ക് സ്വകാര്യ പ്രാക്ടിസ് കേന്ദ്രങ്ങളെ കൂടുതല്‍ ആശ്രയിക്കേണ്ടിവരില്ല. സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ അഭാവം സാധാരണക്കാരായ രോഗികളെയാണ് ഏറെ ചുറ്റിക്കുന്നത്. ചികിത്സക്കുള്ള ആധുനിക ഉപകരണങ്ങളുടെ അഭാവവും ആശുപത്രി നേരിടുന്ന വലിയ പ്രശ്നമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കെട്ടിടങ്ങള്‍ മോടിപിടിപ്പിക്കാന്‍ വന്‍ തുക മുടക്കിയിരുന്നു. ഇതിന്‍െറ കാല്‍ഭാഗം ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ മാറ്റിവെച്ചിരുന്നെങ്കില്‍ രോഗികള്‍ക്ക് ഏറെ ആശ്വാസമാകുമായിരുന്നു. വാഹനാപകടങ്ങളില്‍പ്പെട്ട് എത്തുന്ന രോഗികളെ പരിചരിക്കാനുള്ള സജ്ജീകരണങ്ങള്‍ ഇവിടെയില്ല. ഡോക്ടര്‍മാരുടെ നിസ്സഹകരണമാണ് സായാഹ്ന ഒ.പിക്ക് തടസ്സമാകുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.