പേവിഷവിമുക്ത കേരളം പദ്ധതി : വളര്‍ത്തുനായ്ക്കളെ കുത്തിവെക്കും

കല്‍പറ്റ: വയനാട്ടില്‍ 25,658 വളര്‍ത്തുനായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ബി. ബാഹുലേയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പേവിഷബാധമൂലം കഴിഞ്ഞവര്‍ഷം രാജ്യത്ത് 20847 പേര്‍ മരണപ്പെട്ടു. ഇത് ലോകത്താകമാനം പേവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണത്തിന്‍െറ മൂന്നിലൊന്നു വരും. ഭീതിജനകമായ ഈ അവസ്ഥയില്‍നിന്ന് നാടിനെ രക്ഷിക്കാനായി കേരളത്തില്‍ പേവിഷമുക്ത കേരളം പദ്ധതി നടപ്പാക്കുന്നു. ഇതിന്‍െറ ഭാഗമായി മൃഗങ്ങള്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും പഞ്ചായത്തിന്‍െറ ലൈസന്‍സും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനുശേഷം ലൈസന്‍സില്ലാതെ നായ്ക്കളെ വളര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വന്‍ പിഴ ചുമത്തുകയും ചെയ്യും. സംസ്ഥാനസര്‍ക്കാറും തദ്ദേശ ഭരണസ്ഥാപനങ്ങളും സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടത്തുന്നത്. ഫെബ്രുവരി 27ന് തിരുവനന്തപുരത്താണ് സംസ്ഥാനതല ഉദ്ഘാടനം നടത്തിയത്. മൂന്നാഴ്ചകൊണ്ടാണ് ജില്ലയിലെ വളര്‍ത്തുനായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്താന്‍ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ വിജയത്തിനായി ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷനായി ജില്ലാതല മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചു. പഞ്ചായത്ത് തലങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ അധ്യക്ഷന്മാരായി നിര്‍വഹണ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. അതത് പഞ്ചായത്തുതല സമിതി തീരുമാനിക്കുന്ന സ്ഥലങ്ങളില്‍ ക്യാമ്പ് നടത്തിയാണ് മൃഗങ്ങള്‍ക്ക് കുത്തിവെപ്പ് നടത്തുക. ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള വാക്സിനേഷ സ്ക്വാഡാണ് കുത്തിവെക്കുക. സ്ഥലം വെറ്ററിനറി സര്‍ജന്‍ മേല്‍നോട്ടം വഹിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും. സര്‍ട്ടിഫിക്കറ്റിന് നായയൊന്നിന് 10 രൂപ ഫീസടക്കണം. സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തില്‍ ഹാജരാക്കി പഞ്ചായത്തിനുള്ള ഫീസുമടച്ച് മാര്‍ച്ച് 31നു മുമ്പായി ലൈസന്‍സ് കൈപ്പറ്റണം. എന്തെങ്കിലും രോഗലക്ഷണമുള്ളതോ ആരോഗ്യകുറവുള്ളതോ ആയ നായകളെ ഒരു കാരണവശാലും ക്യാമ്പില്‍ കൊണ്ടുവരരുത്. മറ്റുള്ളവക്കും രോഗം പടരുമെന്നതിനാലാണിത്. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളില്‍ ഏറ്റവും ഭീതിജനകമാണ് പേവിഷബാധ. ഉഷ്ണരക്തമുള്ള എല്ലാ മൃഗങ്ങളെയും ബാധിക്കുന്ന വൈറസ് രോഗമാണിത്. ഇന്ത്യയില്‍ 90 ശതമാനം സംഭവങ്ങളും നായയുടെ കടിമൂലമാണ് ഉണ്ടാവുന്നത്. വളര്‍ത്തുമൃഗങ്ങളെ പേപ്പട്ടികടിക്കുന്നതുമൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടവും ഉല്‍പാദന നഷ്ടവും ഏറെ കൂടുതലാണ്. കൃത്യമായ ഇടവേളകളില്‍ എല്ലാ വളര്‍ത്തുനായ്ക്കളിലും പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും തെരുവുനായ്ക്കളെ നിയന്ത്രിക്കുകയുമാണ് ഫലപ്രദമായ പ്രതിരോധ മാര്‍ഗം. തെരുവുനായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനും വന്ധ്യംകരണം നടത്തുന്നതിനുമുള്ള പദ്ധതി ഉടന്‍ വരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ജില്ലാ കോഓഡിനേറ്റര്‍ ഡോ. എസ്.ആര്‍. പ്രഭാകരന്‍പിള്ള, ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ. ദിലീപ് ഫല്‍ഗുണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.