തൊഴിലുറപ്പ് : 118.4 കോടിയുടെ പദ്ധതികള്‍ക്ക് ജില്ലാപഞ്ചായത്ത് അംഗീകാരം

കല്‍പറ്റ: ജില്ലയില്‍ 2016-17 സാമ്പത്തികവര്‍ഷം 1,18,40,00,000 രൂപയുടെ പ്രവൃത്തികള്‍ക്ക് ജില്ലാപഞ്ചായത്ത് അംഗീകാരം നല്‍കി. വിവിധ ഗ്രാമപഞ്ചായത്തുകളും ബ്ളോക് പഞ്ചായത്തുകളും തയാറാക്കിയ പ്രവൃത്തികള്‍ ക്രോഡീകരിച്ചാണ് അടുത്ത സാമ്പത്തികവര്‍ഷത്തെ ലേബര്‍ ബജറ്റിന് ജില്ലാപഞ്ചായത്ത് രൂപംനല്‍കിയത്. കാര്‍ഷികമേഖലയില്‍ കൂടുതല്‍ ആസ്തികള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രവൃത്തികള്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്ന് പ്രസിഡന്‍റ് ടി. ഉഷാകുമാരി അറിയിച്ചു. കാര്‍ഷികാവശ്യത്തിനായി ചെറുകിട, പരിമിത കര്‍ഷകര്‍ക്ക് 450 കുളങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് ജില്ലാപഞ്ചായത്ത് രൂപംനല്‍കിയിട്ടുണ്ട്. അഞ്ച് ഏക്കറില്‍ താഴെ കൃഷിഭൂമി കൈവശത്തില്‍ ഉള്ളവരും കൃഷി മുഖ്യജീവിതോപാധിയായവരുമായ കര്‍ഷകര്‍ക്കാണ് ഇതിന്‍െറ പ്രയോജനം ലഭിക്കുക. ഇത്തരം കുളങ്ങള്‍ ബലപ്പെടുത്തുന്നതിനുവേണ്ടി അരികുഭിത്തികള്‍ കയര്‍ഭൂവസ്ത്രം വിരിച്ച് ബലപ്പെടുത്തും. ഇതിനാവശ്യമായ അപേക്ഷകള്‍ പഞ്ചായത്ത് മെംബറുടെ ശിപാര്‍ശയോടെ അതത് പഞ്ചായത്തുകളില്‍ നല്‍കണം. ഇത്തരം കുളങ്ങളില്‍ ജില്ലാപഞ്ചായത്തിന്‍െറ മത്സ്യകൃഷി വ്യാപന സ്കീമില്‍ ഉള്‍പ്പെടുത്തി ഫിഷറീസ് വകുപ്പ് മുഖേന മത്സ്യക്കുഞ്ഞുങ്ങളെയും സൗജന്യമായി നിക്ഷേപിക്കും. കാപ്പിയുടെ പുനരുദ്ധാരണം തൊഴിലുറപ്പ് പദ്ധതിയിലൂടെ നടത്തുന്നതിനുള്ള പദ്ധതികള്‍ക്കും രൂപരേഖ തയാറാക്കിയിട്ടുണ്ട്. ഇതിന്‍െറ ഭാഗമായി 25 ലക്ഷം കാപ്പിത്തൈകള്‍ ചെറുകിട-പരിമിത കര്‍ഷകരുടെ കൃഷിയിടത്തില്‍ നട്ടുപിടിപ്പിക്കും. ഇതിനാവശ്യമായ റോബസ്റ്റ, സി.ആര്‍ എന്നീ ഇനങ്ങളുടെ വിത്തുകള്‍ കോഫി ബോര്‍ഡ് മുഖേന ഗ്രാമപഞ്ചായത്തുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ തയാറാക്കുന്ന നഴ്സറികളിലൂടെ ഉല്‍പാദിപ്പിക്കുന്ന കാപ്പിത്തൈകള്‍ ചെറുകിട-പരിമിത കര്‍ഷകന്‍െറ ഭൂമിയില്‍ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നട്ടുകൊടുക്കുന്നതോടൊപ്പം അടുത്ത മൂന്നു വര്‍ഷം അവ സംരക്ഷിക്കുന്നതിനുള്ള തുടര്‍പ്രവൃത്തികളും തൊഴിലുറപ്പുപദ്ധതിയില്‍ ഏറ്റെടുക്കും. ഇതോടൊപ്പം കുറഞ്ഞത് 500 തെങ്ങിന്‍തൈകള്‍ ഓരോ പഞ്ചായത്തിലും ഉല്‍പാദിപ്പിച്ച് കര്‍ഷകന് നട്ടുകൊടുക്കും. തൊഴിലുറപ്പുപദ്ധതിയില്‍നിന്ന് അഞ്ചുലക്ഷം രൂപ വീതം നീക്കിവെച്ച് സാമൂഹികനീതി വകുപ്പിന്‍െറ സാമ്പത്തികസഹായത്തോടെ അഞ്ചു മാതൃകാ അങ്കണവാടികള്‍ ജില്ലയില്‍ നിര്‍മിക്കും. വയനാടിന്‍െറ കായികവികസനം ലക്ഷ്യമാക്കി ജില്ലയിലെ ഓരോ ഗ്രാമപഞ്ചായത്തിലും ഓരോ കളിസ്ഥലങ്ങള്‍ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നതിനും പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിനുവേണ്ടിവരുന്ന അധിക ധനസഹായം സംസ്ഥാന കായികവകുപ്പില്‍നിന്ന് ലഭിക്കും. സര്‍ക്കാര്‍വിദ്യാലയങ്ങളുടെ കളിസ്ഥലങ്ങള്‍ക്കാണ് ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കുക. പട്ടികവര്‍ഗ മേഖലയില്‍ കാട്ടുനായ്ക്ക, പണിയ, അടിയ കോളനികളുടെ വികസനത്തിന് അടുത്തവര്‍ഷം അഞ്ചു കോടി രൂപ ചെലവഴിക്കും. കോളനികള്‍ക്കുള്ളിലെ കോണ്‍ക്രീറ്റ് റോഡുകള്‍, നടപ്പാതകള്‍, സംരക്ഷണഭിത്തികള്‍ എന്നിവ നിര്‍മിക്കുന്നതിനാണ് ഈ തുക ചെലവഴിക്കുക. കോളനികള്‍ക്കുള്ളിലെ നടവഴികള്‍ ടൈലുകള്‍ പാകി വൃത്തിയാക്കുന്ന പ്രവൃത്തികളും ഏറ്റെടുക്കും. ജില്ലയിലെ 94,000ത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് 40,16,000 തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കുക എന്ന കാഴ്ചപ്പാടോടെയാണ് 2016-17ലെ തൊഴിലുറപ്പുപദ്ധതിയുടെ ലേബര്‍ ബജറ്റിന് അംഗീകാരം നല്‍കിയതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത് എന്നിവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.