വനങ്ങളില്‍ വറുതി; കാട്ടാനകള്‍ കാടിറങ്ങുന്നു

സുല്‍ത്താന്‍ ബത്തേരി: കനത്ത വേനല്‍ച്ചൂടില്‍ കാട്ടരുവികള്‍ വറ്റി തോടും പുഴയും വരണ്ടു. അടിക്കാടുകള്‍ കരിഞ്ഞുണങ്ങി. തീറ്റയും വെള്ളവും തേടി വന്യജീവികള്‍ കാടിറങ്ങുന്നത് വനാതിര്‍ത്തിമേഖലകളില്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. വയനാട് വന്യജീവികേന്ദ്രത്തോട് ചേര്‍ന്നുകിടക്കുന്ന ബന്ദിപ്പുര്‍, നാഗര്‍ഹോള, മുതുമല വനങ്ങള്‍ കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്. പച്ചപ്പുകള്‍ മാഞ്ഞു. കാട്ടുതീ വനമേഖലയെ വിഴുങ്ങിത്തുടങ്ങി. വേനല്‍ തുടങ്ങുന്നതോടെ വന്യജീവികള്‍ കൂട്ടത്തോടെ വയനാടന്‍ വനമേഖലയിലത്തെും. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കാലവര്‍ഷം കനക്കുന്നതോടെ മാത്രമേ ഇവ തിരിച്ചുപോകൂ. അയല്‍ക്കാടുകളെ അപേക്ഷിച്ച് പച്ചപ്പ് അവശേഷിക്കുന്നുണ്ടെങ്കിലും ഇത്തവണ വരള്‍ച്ചയുടെ പിടിയിലാണ് വയനാടന്‍ കാടുകളും. നേരത്തേ എത്തിയ അത്യുഷ്ണം കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. നീര്‍ച്ചോലകള്‍ വരണ്ടു. കബനിയും മുത്തങ്ങപ്പുഴയും വെള്ളം കുറഞ്ഞ് വറ്റിത്തുടങ്ങിയിട്ടുണ്ട്. അയല്‍ക്കാടുകളില്‍ നിന്നുള്ളവയടക്കം വയനാടന്‍ കാടുകളില്‍ അഭയം തേടിയതോടെ വന്യജീവികളുടെ എണ്ണവുംം കൂടി. വനത്തിന് പുറത്തുള്ള പച്ചപ്പുകള്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് കാട്ടാനകളെയാണ്. സന്ധ്യ മയങ്ങുന്നതോടെ ഇവ കൂട്ടത്തോടെ കൃഷിയിടങ്ങളിലിറങ്ങി കാര്‍ഷിക, നാണ്യവിളകള്‍ ഒന്നടങ്കം നശിപ്പിക്കുകയാണ്. വന്യജീവി പ്രതിരോധനടപടികള്‍ കടങ്കഥയായ വയനാടന്‍ വനാതിര്‍ത്തി മേഖലകളില്‍ വനംവകുപ്പും ‘എലിഫന്‍റ് പൊലീസും’ നിസ്സഹായരായി നോക്കിനില്‍ക്കുകയാണ്. കഴിഞ്ഞദിവസങ്ങളില്‍ മീനങ്ങാടിയിലും വടക്കനാടും ചേകാടിയിലും നൂല്‍പുഴയിലും എത്തിയ കാട്ടാനക്കൂട്ടം നാടിനെ വിറപ്പിച്ചു. വനാതിര്‍ത്തി മേഖലയില്‍ വനംവകുപ്പും പഞ്ചായത്തുകളും ഒരുക്കിയ പ്രതിരോധസംവിധാനങ്ങള്‍ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ആനപ്രതിരോധ കിടങ്ങുകള്‍ ഇടിഞ്ഞുനികന്നിട്ടുണ്ട്. കോടികള്‍ മുടക്കി തലങ്ങും വിലങ്ങും തീര്‍ത്ത വൈദ്യുതി കമ്പിവേലികള്‍ അറ്റകുറ്റപ്പണി നിലച്ചതുമൂലം വൈദ്യുതിപ്രവാഹമില്ലാതെ നിഷ്ഫലമായി. ലക്ഷങ്ങള്‍ മുടക്കി കിടങ്ങും വൈദ്യുതി കമ്പിവേലിയും സ്ഥാപിച്ച വാകേരി മുതല്‍ ബത്തേരി കോട്ടക്കുന്നുവരെയുള്ള വനാതിര്‍ത്തി മേഖലതന്നെ ഉദാഹരണം. ഇവിടെ കാട്ടാനകള്‍ കൃഷിയിടങ്ങളിലിറങ്ങാത്ത ഒരുദിവസംപോലുമില്ല. വയനാട് വന്യജീവികേന്ദ്രം നിലവില്‍വന്ന് മൂന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നാടും കാടും വേര്‍തിരിഞ്ഞിട്ടില്ല. നാട്ടുമൃഗങ്ങള്‍ കാട്ടിലും കാട്ടുമൃഗങ്ങള്‍ നാട്ടിലും യഥേഷ്ടം മേഞ്ഞുനടക്കുന്നു. വനാതിര്‍ത്തി മേഖലയിലെ വന്യജീവിശല്യത്തിന് ശാശ്വതപരിഹാരം കാണുന്നതിനുള്ള പദ്ധതികളെപ്പറ്റി വനംവകുപ്പും ജനപ്രതിനിധികളും ഇനിയും ചിന്തിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.