കല്‍പറ്റ: നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതയുടെ അന്തിമ സര്‍വേ അടിസ്ഥാനമാക്കിയുള്ള വിശദമായ പഠനറിപ്പോര്‍ട്ട് തയാറാക്കാന്‍ ഡോ. ഇ. ശ്രീധരന്‍െറ നേതൃത്വത്തില്‍ ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കല്‍പറ്റയില്‍ ചര്‍ച്ച നടത്തി. ഡോ. ഇ. ശ്രീധരനുമായി ഉടന്‍ സംസാരിക്കുമെന്നും സര്‍വേ ഡി.എം.ആര്‍.സിയെതന്നെ ഏല്‍പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സമയബന്ധിതമായി സര്‍വേനടപടികള്‍ പൂര്‍ത്തിയാക്കുമെന്നതിനാലാണ് ഡി.എം.ആര്‍.സിയെ ഏല്‍പിക്കാന്‍ സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതയിലെ രാത്രിയാത്രാ നിരോധത്തിന് പരിഹാരമായി നിര്‍ദേശിക്കുന്ന ജൈവപാലങ്ങള്‍ സംബന്ധിച്ചും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ മന്ത്രി പി.കെ. ജയലക്ഷ്മി, എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്‍, എം.വി. ശ്രേയാംസ്കുമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, ജില്ലാപഞ്ചായത്ത് മെംബര്‍മാരായ ഇസ്മായില്‍ കമ്പളക്കാട്, പി.കെ. അനില്‍കുമാര്‍ എന്നിവരും ആക്ഷന്‍ കമ്മിറ്റിയെ പ്രതിനിധാനംചെയ്ത് അഡ്വ. ടി.എം. റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാല്‍, പി.വൈ. മത്തായി, ജോസ് കപ്യാര്‍മല, ജോയിച്ചന്‍ വര്‍ഗീസ്, നാസര്‍ കാസിം, കുഞ്ഞിരാമന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.