കടമാന്‍തോട് ജലസേചന പദ്ധതി: നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നു

കല്‍പറ്റ: കടമാന്‍തോട് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് മന്ദഗതി. നിരക്ക് പുന$പരിശോധനക്കായി ഇറിഗേഷന്‍ ഡിസൈന്‍ റിസര്‍ച് ബോര്‍ഡ് (ഐ.ഡി.ആര്‍.ബി) സംസ്ഥാന ജലവിഭവ വകുപ്പിനു തിരിച്ചയച്ച ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) ഒന്നര വര്‍ഷമായി ഫയലില്‍ ഉറങ്ങുകയാണ്. പുല്‍പള്ളിക്ക് സമീപം ആനപ്പാറയില്‍ കബനി നദിയുടെ കൈവഴിയായ കടമാന്‍തോടിനു കുറുകെ അണകെട്ടി ജലം സംഭരിച്ച് 1940 ഹെക്ടറില്‍ കൃഷിക്ക് ഉപയോഗപ്പെടുത്തുന്നതിനു വിഭാവനം ചെയ്തതാണ് കടമാന്‍തോട് പദ്ധതി. 2012ലെ നിരക്കനുസരിച്ച് 330 കോടി രൂപയാണ് പദ്ധതി അടങ്കല്‍. കാവേരി ഡിവിഷന്‍ ഓഫിസില്‍ എന്‍ജിനീയര്‍മാരടക്കം ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാത്തതും കബനി ജല വിനിയോഗത്തിനു അഭികാമ്യം ചെറുകിട പദ്ധതികളാണെന്ന മുന്‍ സര്‍ക്കാറിന്‍െറ നിലപാടുമാണ് തുകയില്‍ മാറ്റംവരുത്തി ഡി.പി.ആര്‍ വീണ്ടും ഐ.ഡി.ആര്‍.ബിക്ക് ലഭ്യമാക്കുന്നതിനു തടസ്സം. കബനി സബ് ബേസിനില്‍നിന്നു കേരളത്തിനു 21 ടി.എം.സി വെള്ളമാണ് കാവേരി നദീജല തര്‍ക്ക ട്രൈബ്യൂണല്‍ അനുവദിച്ചത്. ഇതില്‍ 12 ടി.എം.സി ഉപയോഗപ്പെടുത്തുന്നതിനു 1980കളില്‍ ആസൂത്രണം ചെയ്ത ഒമ്പത് പദ്ധതികളിലൊന്നാണ് കടമാന്‍തോട്. നൂല്‍പ്പുഴ, ചുണ്ടാലിപ്പുഴ, കല്ലാപതി, ചേകാട്ട്, മഞ്ചാട്ട്, തിരുനെല്ലി, തൊണ്ടാര്‍, പെരിങ്ങോട്ടുപുഴ എന്നിവയാണ് മറ്റു പദ്ധതികള്‍. ഇതില്‍ കടമാന്‍തോട് (പുല്‍പള്ളി), ചുണ്ടാലിപ്പുഴ (മീനങ്ങാടി) എന്നിവയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകളാണ് ഐ.ഡി.ആര്‍.ബി അംഗീകാരത്തിനു 2014 ഡിസംബറില്‍ സമര്‍പ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.