കല്‍പറ്റ: ജില്ലയില്‍ തിങ്കളാഴ്ച ആരംഭിച്ച സ്വകാര്യ ബസ് തൊഴിലാളി സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന യോഗത്തിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ബസുകള്‍ ഓടിത്തുടങ്ങി. ബത്തേരി-പനമരം-മാനന്തവാടി റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറെ ഒരുസംഘം ആളുകള്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ബസ് കണ്ടക്ടറായ രതീഷിനെ അനധികൃതമായി 40 മണിക്കൂര്‍ നേരം കസ്റ്റഡിയില്‍വെക്കുകയും അവസാനം ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. ജയിലിലടക്കുന്നതിന് നേതൃത്വം നല്‍കിയ മാനന്തവാടി ഡിവൈ.എസ്.പി, ബത്തേരി സി.ഐ, അമ്പലവയല്‍ എസ്.ഐ എന്നിവരുടെ പങ്ക് അന്വേഷിക്കുന്നതിനായി മറ്റൊരു ഡിവൈ.എസ്.പിയെക്കൊണ്ട് അന്വേഷിപ്പിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എസ്.പി ഉറപ്പുനല്‍കി. കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് സ്പെഷല്‍ ടീമിനെകൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യവും എസ്.പി അംഗീകരിച്ചു. മാനന്തവാടി, ബത്തേരി റൂട്ടിലെ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് പെര്‍മിറ്റ് സംബന്ധിച്ച് തര്‍ക്കം 25ന് ചേരുന്ന ജില്ലാ വികസനസമിതി യോഗത്തില്‍ ചര്‍ച്ചചെയ്ത് സര്‍ക്കാറിനെകൂടി ഇടപെടിവിച്ചുകൊണ്ട് ശാശ്വത പരിഹാരം ഉണ്ടാക്കാമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍, എ.ഡി.എം സി.പി. ഗോപിനാഥന്‍, ജില്ലാ പൊലീസ് മേധാവി കാര്‍ത്തിക്, ആര്‍.ടി.ഒ ചാര്‍ജ് വഹിക്കുന്ന യൂസഫ്, സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കളായ പി.ആര്‍. ജയപ്രകാശ്, ഇ.ജെ. ബാബു, രാജുകൃഷ്ണ, കെ. സുഗതന്‍, പി.കെ. അച്യുതന്‍, സി.പി. കുര്യാക്കോസ്, ബ്രിജേഷ് കെ. തോമസ്, പി.കെ. രാജശേഖരന്‍, കെ.പി. ജോര്‍ജ് തോമസ്, സനൂപ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.