വേണം, മൂന്നാര്‍ മോഡല്‍ വയനാട്ടിലും

കല്‍പറ്റ: നിയമപരമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു റിസോര്‍ട്ടുകള്‍ പൂട്ടാന്‍ നടപടിയെടുത്ത മൂന്നാര്‍ പഞ്ചായത്തിന്‍െറ മാതൃകയില്‍ വയനാട്ടിലും അത്തരം റിസോര്‍ട്ടുകളും ഹോംസ്റ്റേകളും കണ്ടത്തെി അടച്ചുപൂട്ടാന്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ളതും വനത്തോട് ചേര്‍ന്നുനില്‍ക്കുന്നതുമായ തിരുനെല്ലി, നൂല്‍പുഴ, വൈത്തിരി, മൂപ്പൈനാട് തുടങ്ങിയ പഞ്ചായത്തുകളിലടക്കം മതിയായ രേഖകളൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും ഹോംസ്റ്റേകളും സര്‍വിസ് വില്ലകളും നിരവധിയാണ്. പഞ്ചായത്ത് ഭരണസമിതികളുടെ ഒത്താശയോടെയാണ് ഈ മേഖലകളില്‍ മിക്ക അനധികൃത റിസോര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം. അഞ്ചില്‍ കൂടുതല്‍ മുറികളുള്ള റിസോര്‍ട്ടുകള്‍ക്ക് മാലിന്യസംസ്കരണ പ്ളാന്‍റ് നിര്‍ബന്ധമാണെങ്കിലും മിക്ക റിസോര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നത് പ്ളാന്‍റ് ഇല്ലാതെയാണെന്ന് കണ്ടത്തെിയാണ് മൂന്നാര്‍ പഞ്ചായത്ത് നടപടിയെടുത്തത്. മറ്റു ചിലതിന് പ്ളാന്‍റ് ഉണ്ടെങ്കിലും കൃത്യമായി പ്രവര്‍ത്തിക്കാത്തത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതും കണ്ടത്തെി. അശാസ്ത്രീയമായി നിര്‍മിക്കുന്ന റിസോര്‍ട്ട് കെട്ടിടങ്ങള്‍ അപകടഭീഷണി ഉയര്‍ത്തുന്നതും നടപടിക്ക് ആക്കംകൂട്ടി. അതേസമയം, വയനാട്ടില്‍ മിക്ക റിസോര്‍ട്ടുകളും മാലിന്യസംസ്കരണ പ്ളാന്‍റ് ഇല്ലാത്തവയാണ്. ലൈസന്‍സ് പോലുമില്ലാതെ പ്രവര്‍ത്തിക്കുന്നവയും ഏറെയുണ്ട്. ഹോംസ്റ്റേകള്‍ മിക്കതും അനധികൃതമാണ്. റവന്യൂ, വനം, പഞ്ചായത്ത് വകുപ്പുകളടക്കം കഴിഞ്ഞവര്‍ഷങ്ങളില്‍ നടത്തിയ പരിശോധനയില്‍ റിസോര്‍ട്ട് മാഫിയ ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയെന്ന് കണ്ടത്തെിയിരുന്നു. തദ്ദേശ ഭരണ സംവിധാനങ്ങളുടെ ഒത്താശയോടെയാണ് ഇവയുടെ പ്രവര്‍ത്തനം. മതിയായ രേഖകളില്ലാതെ കൂടുതല്‍ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകളിലൊന്നാണ് തിരുനെല്ലി. ഇവിടെ, 40ല്‍ അധികം റിസോര്‍ട്ടുകളുണ്ട്. ഇവയുടെ നിയമലംഘനം വിലയിരുത്താന്‍ ചേര്‍ന്ന കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ പ്രത്യേക യോഗത്തില്‍ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ രേഖകള്‍ നല്‍കിയതിന്‍െറ തെളിവ് ലഭ്യമാക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഹോംസ്റ്റേകളില്‍നിന്നും കെട്ടിട നികുതി, ലൈസന്‍സ് ഫീസ്, പ്രഫഷനല്‍ ടാക്സ്, ലോഡ്ജ് രജിസ്ട്രേഷന്‍ ഫീസ് എന്നിവയൊന്നും പഞ്ചായത്ത് ശേഖരിച്ചിട്ടില്ളെന്ന് രേഖകള്‍തന്നെ വ്യക്തമാക്കിയിരുന്നു. തിരുനെല്ലി മേഖലയില്‍ വനത്തോടു ചേര്‍ന്ന റിസോര്‍ട്ടുകള്‍ പലതും ടൈഗര്‍ ട്രാക്കിങ് അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നേരത്തേ, ‘മാധ്യമം’ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിന്‍െറ പശ്ചാത്തലത്തില്‍ അന്നത്തെ വനംമന്ത്രി അടക്കമുള്ളവര്‍ ഇടപെടുകയും അന്വേഷണം നടത്തുകയും ചെയ്തു. നിയമലംഘനം ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തില്‍ ഒരു റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ വനംവകുപ്പ് നോട്ടീസ് നല്‍കിയെങ്കിലും അന്നത്തെ പഞ്ചായത്ത് ഭരണസമിതി അത് നടപ്പില്‍ വരുത്താന്‍ തയാറായില്ല. വനംവകുപ്പിന്‍െറ സ്റ്റോപ് മെമ്മോ നടപ്പിലാക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ളെന്നായിരുന്നു അന്നത്തെ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ വാദം. ടൂറിസം മാഫിയക്ക് ഒത്താശചെയ്യുന്ന നിലപാടാണ് മറ്റു പഞ്ചായത്തുകളുടേതും. മൂന്നാറില്‍ റിസോര്‍ട്ടുകള്‍ പൂട്ടിയ സാഹചര്യത്തില്‍ അതേ മോഡലില്‍ ഇവിടെയും കര്‍ശന നടപടികളെടുക്കണമെന്ന് വയനാട് പ്രകതിസംരക്ഷണ സമിതി പ്രസിഡന്‍റ് എന്‍. ബാദുഷ ആവശ്യപ്പെട്ടു. വയനാട്ടില്‍ നിരവധി റിസോര്‍ട്ടുകളാണ് മാലിന്യം തോടുകളിലേക്കും പുഴകളിലേക്കുമൊക്കെ ഒഴുക്കുന്നത്. പുല്‍പള്ളി മേഖലയില്‍ കുടിവെള്ള വിതരണത്തിനടക്കം ആശ്രയിക്കുന്ന കബനി പുഴയില്‍ ബാവലിയിലെ റിസോര്‍ട്ട് മാലിന്യം ഒഴുക്കുന്നത് കണ്ടത്തെിയത് ഈയിടെയാണ്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതടക്കമുള്ള റിസോര്‍ട്ടുകളും ഹോംസ്റ്റേകളും അടച്ചുപൂട്ടാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും ബാദുഷ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.