മിഥുനത്തിലും മീനച്ചൂടിലുരുകി വയനാട്

സുല്‍ത്താന്‍ ബത്തേരി: ഇടമുറിയാതെ മഴ പെയ്തിരുന്ന മിഥുനമാസങ്ങള്‍ വയനാട്ടില്‍നിന്നും കുടിയിറങ്ങുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ബുധനാഴ്ച മിഥുനം ഒന്നായിരുന്നെങ്കിലും 28 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ജില്ലയില്‍ ചൂട് രേഖപ്പെടുത്തിയത്. ചിലയിടങ്ങളില്‍ ചാറിയതൊഴിച്ചാല്‍ മഴ പെയ്തതുമില്ല. പെരുവിരല്‍ ഊന്നിയാല്‍ വെള്ളം കിട്ടിയിരുന്ന നാട് എന്ന പേര് വയനാടിന് അന്യമായിട്ട് ഏറെക്കാലമായി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്നത് വയനാട്ടിലായിരുന്നു. എന്നാല്‍, ഇക്കൊല്ലം കേരളത്തിലെ മറ്റു ജില്ലകള്‍ക്ക് ലഭിച്ചതിനേക്കാള്‍ കുറവ് മഴയാണ് ഇവിടെ ലഭിച്ചത്. നൂല്‍മഴയുടെയും കോടമഞ്ഞിന്‍െറയും നാടായിരുന്ന വയനാട്ടില്‍ ഇതൊക്കെ ഇപ്പോള്‍ റിസോര്‍ട്ടുകാരുടെ പരസ്യവാചകങ്ങള്‍ മാത്രമായി ഒതുങ്ങി. കുന്നിടിച്ചും വയല്‍ നികത്തിയും മരം വെട്ടിയും വികലമായ പുരോഗമന വാദം നടത്തിയും പ്രകൃതിയെ ചൂഷണം ചെയ്തതിന്‍െറ പ്രതിഫലനങ്ങള്‍ കൂടുതല്‍ പ്രകടമാവുകയാണ്. പ്രകൃതി പിണങ്ങിയതോടെ കൃഷി ഉപജീവനമായി കഴിഞ്ഞിരുന്ന വയനാടന്‍ ജനതയുടെ നിലനില്‍പ്പുതന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. കഴിഞ്ഞവര്‍ഷം ജൂണ്‍ ഒന്നുമുതല്‍ 15 വരെ 147.8 മില്ലി മീറ്റര്‍ മഴ ലഭിച്ചു. എന്നാല്‍, ഈ വര്‍ഷം ലഭിച്ചത് 78 മില്ലി മീറ്റര്‍ മാത്രമാണ്. ജൂണില്‍ സംസ്ഥാനത്ത് കുറവ് മഴ ലഭിച്ച ജില്ലകളിലൊന്നാണ് വയനാട്. കഴിഞ്ഞവര്‍ഷം 330 മില്ലി ലിറ്റര്‍ വേനല്‍മഴയാണ് ലഭിച്ചത്. ഈ വര്‍ഷം 282 മില്ലി ലിറ്ററായി കുറഞ്ഞു. 1658 മില്ലിലിറ്റര്‍ മഴയാണ് കഴിഞ്ഞ മണ്‍സൂണില്‍ ആകെ ലഭിച്ചത്. ഓരോ വര്‍ഷം കഴിയുന്തോറും ലഭിക്കുന്ന മഴയില്‍ 10 മുതല്‍ 15 ശതമാനം വരെ കുറവുണ്ടാകുന്നുണ്ട്. പരിസ്ഥിതി ദിനാചരണത്തിന്‍െറ ഭാഗമായി ജൂണ്‍ അഞ്ചിന് മരം നടുക എന്നതുമാത്രമായി മാറിയിരിക്കുന്നു പ്രകൃതി സംരക്ഷണം. ഓരോ ദിവസം കഴിയുന്തോറും കുന്നുകളുടെ വലുപ്പം കുറഞ്ഞു വരുകയാണ്. വയലുകള്‍ നികത്തി കെട്ടിടങ്ങള്‍ പണിയുന്നത് ഇപ്പോഴും നിര്‍ബാധം തുടരുന്നു. പല സ്ഥലങ്ങളിലും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രകൃതിനാശത്തിന്‍െറ ദൂഷ്യഫലം അനുഭവിക്കുന്നത് വയനാട്ടിലെ സാധാരണക്കാരും കൃഷിക്കാരുമാണ്. അതേസമയം, ഒരാഴ്ചക്കുള്ളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.