ഇതര സംസ്ഥാന കോളജുകളിലേക്ക് വിദ്യാര്‍ഥികളെ വലവീശിപ്പിടിക്കാന്‍ സംഘങ്ങള്‍ സജീവം

സുല്‍ത്താന്‍ ബത്തേരി: പ്ളസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ഇതര സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ശരിയാക്കുന്നതിനുള്ള സംഘങ്ങള്‍ ജില്ലയില്‍ സജീവമാകുന്നു. കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കോളജുകളിലേക്കാണ് കൂടുതലും പ്രവേശം തരപ്പെടുത്തിക്കൊടുക്കുന്നത്. നഴ്സിങ്, എന്‍ജിനീയറിങ്, ബി.ഫാം, മെഡിക്കല്‍, പാരാമെഡിക്കല്‍ തുടങ്ങി നിരവധി കോഴ്സുകളാണ് ഇത്തരക്കാര്‍ നല്‍കുന്നത്. ജില്ലയില്‍ പല സ്ഥലത്തും എജുക്കേഷന്‍ കണ്‍സള്‍ട്ടന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ട്. നാലുലക്ഷം മുതല്‍ 25 ലക്ഷം വരെയാണ് ചില കോഴ്സുകള്‍ക്ക് ഈടാക്കുന്നത്. യൂനിവേഴ്സിറ്റികളുടെ അംഗീകാരമില്ലാത്ത കോളജുകളും കോഴ്സുകളുമായിരിക്കും മിക്കവയും. വന്‍ തുക ഫീസായി നല്‍കി കോഴ്സുകള്‍ക്ക് ചേര്‍ന്ന ശേഷമായിരിക്കും വിദ്യാര്‍ഥികളും രക്ഷിതാക്കളും യാഥാര്‍ഥ്യം തിരിച്ചറിയുന്നത്. പല കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ആ സംസ്ഥാനത്തു മാത്രമായിരിക്കും അംഗീകാരമുള്ളത്. നഴ്സിങ് കോഴ്സുകളോടുള്ള പ്രിയം കുറഞ്ഞെങ്കിലും എന്‍ജിനീയറിങ്ങിനും പാരാമെഡിക്കല്‍ കോഴ്സുകള്‍ക്കും ചേരുന്നവര്‍ ഇപ്പോളും കുറവല്ല. ഇതര സംസ്ഥാനങ്ങളിലെ കോളജുകളില്‍ ചേര്‍ന്ന് പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചവര്‍ നിരവധിയാണ്. പഠനം നിര്‍ത്തിയവരില്‍ പലരുടേയും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ പോലും കോളജില്‍നിന്ന് ലഭിക്കാത്ത അവസ്ഥയാണ്. പാതിക്ക് വെച്ച് പഠനം ഉപേക്ഷിക്കുന്നവരോട് മുഴുവന്‍ ഫീസും അടച്ചശേഷമേ സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കാന്‍ സാധിക്കൂ എന്നാണ് കോളജ് അധികൃതര്‍ പറയാറ്. മറ്റു സംസ്ഥാനങ്ങളില്‍ പോയി കേസ് നടത്തുന്നതിനോ സര്‍ട്ടിഫിക്കറ്റ് തിരികെ വാങ്ങുന്നതിനോ സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് കഴിയാറില്ല. ഇതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടുവെന്ന് പത്രങ്ങളില്‍ പരസ്യം നല്‍കി പകര്‍പ്പ് എടുക്കുന്നതും വ്യാപകമായി നടക്കുന്നുണ്ട്. സാധാരണക്കാരായ രക്ഷിതാക്കള്‍ കുട്ടികളെ ഏതു കോഴ്സിന് ചേര്‍ക്കണമെന്നറിയാതെ നില്‍ക്കുമ്പോഴായിരിക്കും എജുക്കേഷന്‍ കണ്‍സള്‍ട്ടന്‍സിക്കാര്‍ വീട്ടിലേക്ക് വിളിച്ച് ഉപരിപഠനത്തെക്കുറിച്ച് പറയുന്നത്. ചിലര്‍ നേരിട്ട് ചെന്നാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. നിരവധി കോളജുകളെക്കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചുമെല്ലാം പറഞ്ഞ് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും തെറ്റിധരിപ്പിച്ചാണ് കോളജുകളില്‍ അഡ്മിഷന്‍ നല്‍കുന്നത്. എന്നാല്‍, യാഥാര്‍ഥ്യം തിരിച്ചറിയുമ്പോഴേക്കും വിദ്യാര്‍ഥിയുടെ ഭാവി നഷ്ടപ്പെടുകയും വന്‍ സാമ്പത്തിക ബാധ്യതയിലകപ്പെടുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.