മാനന്തവാടി: ഒരു കോടിക്ക് മുകളില്‍ ചെലവഴിച്ച് ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച സി.ടി സ്കാനര്‍ രോഗികള്‍ക്ക് ഉപകാരപ്പെടുന്നില്ളെന്ന് ആരോപണമുയരുന്നു. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിനാല്‍ പേരിന് മാത്രമാണ് പ്രവര്‍ത്തനം നടക്കുന്നത്. നിലവില്‍ രാവിലെ 8.30 മുതല്‍ വൈകീട്ട് മൂന്നുവരെ മാത്രമാണ് സ്കാനിങ്ങിന് സൗകര്യമുള്ളൂ. അതുകഴിഞ്ഞ് എത്തുന്ന രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടതായി വരുന്നു. കഴിഞ്ഞ ദിവസം നടന്ന മൂന്ന് വാഹനാപകടങ്ങളില്‍പ്പെട്ടവരെയെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. തലക്ക് നിസ്സാര പരിക്കേറ്റവരെ പോലും റഫര്‍ ചെയ്തു. 2011ല്‍ എം.ഐ. ഷാനവാസ് എം.പിയുടെ പ്രാദേശിക നിധിയില്‍നിന്ന് 1.36 കോടി രൂപ ചെലവഴിച്ചാണ് സി.ടി സ്കാനര്‍ സ്ഥാപിച്ചത്. ഒരു റേഡിയോളജിസ്റ്റിനെ മാത്രമാണ് നിയമിച്ചത്. ഓള്‍ ബോഡി സ്കാനിങ് നടത്തിയിരുന്നെങ്കിലും റേഡിയോളജിസ്റ്റിന് ജോലി ഭാരംമൂലം കൃത്യസമയത്ത് പരിശോധനാഫലം നല്‍കാന്‍ കഴിയാത്തതിനാല്‍ നിര്‍ത്തിവെച്ചു. നിലവില്‍ സി.ടി, അള്‍ട്രാസൗണ്ട് സ്കാനിങ്ങുകള്‍ മാത്രമാണ് നടക്കുന്നത്. ജില്ലാ ആശുപത്രിയില്‍ 1500 രൂപ ഫീസ് ഈടാക്കുമ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ 3500 രൂപയാണ് ഈടാക്കുന്നത്. സൗണ്ട് സ്കാനിങ്ങിന് 300 രൂപയും തല സ്കാന്‍ ചെയ്യുന്നതിന് 900 രൂപയും മാത്രമാണ് ഈടാക്കുന്നത്. നിലവില്‍ ഒരു സ്ഥിരം ആള്‍ ഉള്‍പ്പെടെ ഏഴ് റേഡിയോഗ്രാഫര്‍മാരാണ് ജോലി ചെയ്യുന്നത്. രണ്ട് റേഡിയോഗ്രാഫര്‍മാരെയും ഒരു റേഡിയോളജിസ്റ്റിനെയും നിയമിച്ചാല്‍ 24 മണിക്കൂറും സ്കാനിങ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ടെലിറേഡിയോളജി യൂനിറ്റ് കൂടി യാഥാര്‍ഥ്യമായാല്‍ നിര്‍ധന രോഗികള്‍ക്ക് ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.