നിയമം കടലാസില്‍; ജില്ലയില്‍ ബാലവേലകള്‍ക്ക് അറുതിയില്ല

വൈത്തിരി: എല്ലാ വര്‍ഷവും ജൂണ്‍ 12 ബാലവേല വിരുദ്ധദിനം ആചരിക്കുമ്പോഴും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ബാലവേലകള്‍ക്ക് അറുതിയാവുന്നില്ല. ബാലവേല നിരോധനിയമം ശക്തമായി നിലനില്‍ക്കുമ്പോഴും ഇതര സംസ്ഥാനത്തെ കുട്ടികളെ ഉപയോഗിച്ചുള്ള ബാലവേലകള്‍ ജില്ലയില്‍ വേരുറപ്പിച്ചിരിക്കുകയാണ്. ജില്ലയിലെ വടക്കു-കിഴക്കന്‍ മേഖലകളിലാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ചുള്ള തൊഴില്‍ പ്രവൃത്തികള്‍ വ്യാപകമായി നടക്കുന്നത്. മുമ്പ് തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള കുട്ടികളാണ് തൊഴിലെടുപ്പിനായി എത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ബംഗാള്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് പുറമെ ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളും ചൂഷണത്തിന് ഇരയാവുന്നുണ്ട്. വ്യക്തമായ രേഖകള്‍ ഇല്ലാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തിലേക്ക് കടക്കുന്നതിന്‍െറ ഇടയിലാണ് പ്രായപൂര്‍ത്തിയാവാത്തവരും ഇവരുടെ കൂട്ടത്തില്‍ എത്തുന്നത്. ഇത്തരത്തിലുള്ള കുട്ടികളില്‍ ഭൂരിഭാഗവും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണ്. കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്ന സേവനദാതാവായ വയനാട് ജില്ലയിലെ ചൈല്‍ഡ് ലൈനിന്‍െറ കണക്കുപ്രകാരം 2014 ഏപ്രില്‍ മുതല്‍ 2015 മേയ് വരെ 60തും 2015 മേയ് മുതല്‍ 2016 മേയ് വരെ 55 പരാതികളും കുട്ടികള്‍ തൊഴില്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഈ വര്‍ഷം ജനുവരിയില്‍ പടിഞ്ഞാറത്തറ പഞ്ചായത്തിലെ പാണ്ടന്‍കോട് കവുങ്ങിന്‍ തോട്ടത്തില്‍ അടക്ക പറിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന 12നും 14നും ഇടയില്‍ പ്രായമുള്ള ആദിവാസി കുട്ടികളെ പടിഞ്ഞാറത്തറ പൊലീസിന്‍െറ സഹായത്തോടെ ചൈല്‍ഡ് ലൈന്‍ മോചിപ്പിച്ചിരുന്നു. സംഭവത്തില്‍ കുട്ടികളെ കൊണ്ട് ജോലിയെടുപ്പിച്ച കരാറുകാരന്‍െറയും തോട്ടം ഉടമയുടെ പേരിലും കേസെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ പനമരം അഞ്ചുകുന്ന് പൈ്ളവുഡ് ഫാക്ടറിയില്‍ സാമൂഹിക നീതി വകുപ്പ്, ജുവനൈല്‍ പൊലീസ്, തൊഴില്‍ വകുപ്പ്, ചൈല്‍ഡ് ലൈന്‍ എന്നിവയുടെ സംയുക്ത പരിശോധനയില്‍ 13നും 16നും ഇടയില്‍ പ്രായമുള്ള അസം സ്വദേശികളായ നാല് കുട്ടികളെ മോചിപ്പിച്ചിരുന്നു. ഇവര്‍ തുച്ഛമായ കൂലിക്ക് ഏജന്‍റ് വഴിയാണ് നാട്ടിലത്തെിയത്. ഇവക്ക് പുറമെ ചൈല്‍ഡ് ലൈനിന്‍െറ പരിശോധനയില്‍ ബത്തേരി കുപ്പാടിയിലെ ഡോക്ടറുടെ വീട്ടില്‍ ജോലി ചെയ്തുവരുകയായിരുന്ന 11 വയസ്സുകാരിയായ ആദിവാസി ബാലികയെ മോചിപ്പിച്ചിരുന്നു. ഇത്തരത്തില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം കുട്ടികളും വിദ്യാഭ്യാസം പാതിവഴിയില്‍ നിലച്ചവരും 14നും 16നും ഇടയില്‍ പ്രായമുള്ളവരുമാണ്. കുറഞ്ഞ കൂലിക്ക് കുട്ടികളെ എത്തിക്കുന്ന ഏജന്‍റുമാര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യാപകമായി പരാതിയുയരുന്നുണ്ട്. ഭക്ഷണവും താമസ സൗകര്യവും നല്‍കിയാല്‍ എത്ര കുട്ടികളെ വേണമെങ്കിലും ലഭിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അതിനാല്‍ ബിസ്ക്കറ്റ് കമ്പനികള്‍, ചെറുകിട-വന്‍കിട നിര്‍മാണ യൂനിറ്റുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലും ഇത്തരത്തില്‍ ബാലവേല നടന്നുവരുന്നതായാണ് അറിയാന്‍ കഴിയുന്നത്. രേഖകളില്‍ ഉയര്‍ന്ന പ്രായം രേഖപ്പെടുത്തിയാണ് പല സ്ഥാപനങ്ങളും കുട്ടികളെ ജോലിയെടുപ്പിക്കുന്നത്. വിദ്യാഭ്യാസ അവസരം നിഷേധിക്കുന്ന വിധത്തിലുള്ള ഒരു തൊഴിലിലും കുട്ടികളെ നിയോഗിക്കരുതെന്നാണ് അന്താരാഷ്ട്ര ബാലാവകാശ ഉടമ്പടിയിലെ പ്രധാന വ്യവസ്ഥ. 14 വയസ്സിന് താഴെയുള്ള കുട്ടികളെ കഠിനജോലിക്ക് ഉപയോഗിക്കുന്നതിനെ ഭരണഘടനയുടെ 24ാം അനുച്ഛേദം കര്‍ശനമായി വിലക്കുന്നുണ്ട്. ബാലനീതി നിയമം കുട്ടികളെ തൊഴിലിനായി ചൂഷണം ചെയ്യുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നതും വേതനം നല്‍കാതിരിക്കുന്നതും ഇതിലെ 70ാം വകുപ്പനുസരിച്ച് അഞ്ചു വര്‍ഷംവരെ തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍, ഇത് നിയന്ത്രിക്കുന്നതിന് കാര്യമായ ഇടപെടലുകള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ളെന്നതാണ് ബാലവേലകള്‍ തടയുന്നതിന് തിരിച്ചടിയാവുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.