വോട്ടുചോര്‍ച്ച: യു.ഡി.എഫില്‍ അഭിപ്രായഭിന്നത രൂക്ഷം

കല്‍പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ രണ്ടു മണ്ഡലങ്ങളിലെ തോല്‍വിയെച്ചൊല്ലി യു.ഡി.എഫില്‍ അഭിപ്രായഭിന്നത രൂക്ഷം. ഇതില്‍ കല്‍പറ്റ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ്കുമാര്‍ 13,000ല്‍പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടതിന്‍െറ പേരിലാണ് തര്‍ക്കം കൂടുതല്‍. കല്‍പറ്റ, മാനന്തവാടി മണ്ഡലങ്ങളിലെ തോല്‍വിയുടെ ഉത്തരവാദിത്തം പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന്‍െറ മേല്‍ കെട്ടിവെക്കാനുള്ള ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ നീക്കമാണ് മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടനല്‍കിയത്. കോണ്‍ഗ്രസിന്‍െറ നിരീക്ഷണങ്ങളെ പാടെ വിമര്‍ശിച്ച് ലീഗ് ശക്തമായി രംഗത്തത്തെിയിരിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നും വോട്ടുകള്‍ ചോര്‍ന്നുപോയതാണ് വയനാട്ടില്‍ രണ്ട് സീറ്റുകള്‍ യു.ഡി.എഫിന് നഷ്ടപ്പെടാന്‍ കാരണമെന്ന് ശനിയാഴ്ച ചേര്‍ന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം വിലയിരുത്തിയിരുന്നു. പ്രവാചകനിന്ദ വിഷയം യു.ഡി.എഫിന്‍െറ വോട്ടുചോര്‍ത്തിയെന്ന് ഫലം വന്നതുമുതല്‍ വാദിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസ് നേതൃത്വം പക്ഷേ, ജില്ലാ കമ്മിറ്റിയുടേതായി നല്‍കിയ പത്രക്കുറിപ്പില്‍ ആ പരാമര്‍ശം ഒഴിവാക്കി. പകരം, ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ സി.പി.എമ്മിനാണ് കഴിയുക എന്ന വ്യാപക പ്രചാരണങ്ങളില്‍ തെറ്റിദ്ധരിച്ചാണ് വോട്ടുകള്‍ ചോര്‍ന്നതെന്ന് ഡി.സി.സി യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലീഗിന് സ്വാധീനംകുറഞ്ഞ പ്രദേശങ്ങളില്‍ വോട്ടുചോര്‍ച്ചയുടെ ആഴം വളരെക്കൂടുതലാണെന്നും കോണ്‍ഗ്രസ് നേതാക്കന്മാരുടെ തട്ടകങ്ങളിലാണ് അപ്രതീക്ഷിതമായ വോട്ടുചോര്‍ച്ചയുണ്ടായതെന്നുമുള്ള ചൂണ്ടിക്കാട്ടലുകളോട് ഡി.സി.സി നേതൃത്വം പ്രതികരിച്ചതുമില്ല. ഘടകകക്ഷി സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യാന്‍ കോണ്‍ഗ്രസ് പരിശീലിക്കണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറിമാരിലൊരാള്‍ ഫലപ്രഖ്യാപനത്തിനുപിന്നാലെ ഫേസ്ബുക്കില്‍ പരസ്യമായി അഭിപ്രായപ്രകടനം നടത്തിയിരുന്നു. ജില്ലയില്‍ യു.ഡി.എഫിനേറ്റ പരാജയത്തിന്‍െറ കാരണം ന്യൂനപക്ഷ വോട്ട് ചോര്‍ച്ച മാത്രമാണെന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് തിങ്കളാഴ്ച ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി യോഗം വിലയിരുത്തിയത് കോണ്‍ഗ്രസ് വാദം ഖണ്ഡിക്കുന്ന തരത്തിലായി. ഇത്തരം കണ്ടത്തെലുകള്‍ കുരുടന്‍ ആനയെ കണ്ടതിന് തുല്യമാണെന്ന് ലീഗ് പ്രസ്താവിച്ചതും ഡി.സി.സി നേതൃത്വത്തെ ഉദ്ദേശിച്ചായിരുന്നു. പരാജയത്തിന്‍െറ ഉത്തരവാദിത്തം ന്യൂനപക്ഷങ്ങളുടെ മേല്‍ ചാര്‍ത്താന്‍ വ്യഗ്രതകാട്ടുന്നവര്‍ മറ്റു കാരണങ്ങള്‍ അപഗ്രഥിക്കാന്‍ മെനക്കെടുന്നില്ളെന്ന് ലീഗ് ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷങ്ങളുടെ വോട്ടു ചോര്‍ന്നുവെന്ന് കുറ്റപ്പെടുത്തുന്നവര്‍ കല്‍പറ്റ മണ്ഡലത്തില്‍ പരമ്പരാഗതമായി യു.ഡി.എഫിന് പിന്തുണനല്‍കിയ തോട്ടം മേഖലയിലും കുടിയേറ്റപ്രദേശങ്ങളിലും തൊഴിലാളികള്‍ക്കിടയിലും മുന്നണി ഏറെ പിന്നാക്കം പോയതിനെക്കുറിച്ച് മൗനംപാലിക്കുന്നുവെന്ന് ലീഗ് തിരിച്ചടിച്ചു. പരാജയത്തിന്‍െറ മുഖ്യകാരണങ്ങള്‍ ഇതാണെന്നാണ് ലീഗ് പ്രവര്‍ത്തകസമിതിയുടെ വിലയിരുത്തല്‍. മണ്ഡലത്തില്‍ 34 ബൂത്തുകളില്‍ യു.ഡി.എഫ് ലീഡ് നേടിയപ്പോള്‍ ഇതില്‍ 31ഉം ലീഗിന്‍െറ ശക്തികേന്ദ്രങ്ങളായ ബൂത്തുകളാണെന്നും പാര്‍ട്ടി തെളിവുനിരത്തുന്നു. ബി.ജെ.പിയെ പ്രതിരോധിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണംനല്‍കാന്‍ സി.പി.എമ്മിനാണ് കഴിയുക എന്ന പ്രചാരണങ്ങളില്‍ തെറ്റിദ്ധരിച്ചാണ് വോട്ടുകള്‍ ചോര്‍ന്നതെന്ന ഡി.സി.സി വിലയിരുത്തലും ലീഗ് ഖണ്ഡിച്ചു. ബി.ജെ.പിയെ ഭയന്ന് ന്യൂനപക്ഷ വിഭാഗക്കാര്‍ വന്‍തോതില്‍ സി.പി.എമ്മിന് വോട്ട് ചെയ്തെന്ന വാദത്തിന്‍െറ മുനയൊടിക്കുന്നതാണ് ബത്തേരിയില്‍ ഐ.സി. ബാലകൃഷ്ണന്‍െറ തകര്‍പ്പന്‍ വിജയമെന്നാണ് ലീഗ് നിരീക്ഷണം. സി.പി.എമ്മിന്‍െറ തട്ടകങ്ങളില്‍പോലും ഐ.സി. ബാലകൃഷ്ണന്‍ ഏറെ മുന്നേറിയെന്നും ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ മറ്റു മണ്ഡലങ്ങളിലും വിജയം നേടാമായിരുന്നുവെന്നതിന് ഇതു തെളിവാണെന്നും ലീഗ് പറയുന്നു. മാനന്തവാടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസ് പാളയത്തില്‍നിന്ന് ഉയര്‍ന്ന ആരോപണങ്ങളാണ് പരാജയത്തിന് വഴിയൊരുക്കിയതില്‍ പ്രധാനമെന്നാണ് ലീഗിന്‍െറ വിലയിരുത്തല്‍. സ്ഥാനാര്‍ഥിക്കെതിരെ ആര്‍.എസ്.എസ് ബന്ധമാരോപിച്ച് കോണ്‍ഗ്രസിലെ ഒരുവിഭാഗം രംഗത്തുവന്നത് വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തിയെന്നും ഇതിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടത് കനത്ത തിരിച്ചടിയായെന്നും ജില്ലാ ലീഗ് നേതൃത്വം മറുപടി നല്‍കുന്നു. ജില്ലയിലെ യു.ഡി.എഫ് സംവിധാനവുമായി ഉടക്കിനില്‍ക്കുന്ന കേരള കോണ്‍ഗ്രസ്-എം നേരത്തെ, കോണ്‍ഗ്രസിനെയും ലീഗിനെയും നിശിതമായി വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.